വയനാട്ടില്‍ ഭീതി വിതച്ച കടുവയെ മയക്കുവെടി വെച്ച് കീഴടക്കി

വയനാട്ടില്‍ ഭീതി വിതച്ച കടുവ പിടിയില്‍. കുപ്പാടിത്തറയില്‍ വെച്ച് കടുവയെ മയക്കുവെടി വെച്ച് കീഴടക്കി. ജനവാസ മേഖലയിലാണ് കടുവയെ കണ്ടെത്തിയത്. പ്രദേശത്തെ കാപ്പിത്തോട്ടത്തില്‍ നിന്ന് വാഴത്തോട്ടത്തിലേക്ക് കടുവ പോകുന്നത് നാട്ടുകാരാണ് കണ്ടത്.
ഇക്കാര്യം വനപാലകരെ അറിയിക്കുകയും ദ്രുതകര്‍മ്മസേന സ്ഥലത്തെത്തുകയുമായിരുന്നു. കടുവയുടെ കാല്പാടുകള് സ്ഥിരീകരിച്ചതോടെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചു. ആറു തവണയാണ് വെടിയുതിര്‍ത്തത്. ഒരു വെടി കടുവയുടെ കാലില്‍ കൊണ്ടതായി പിന്നീട് ഡിഎഫ്ഒ സ്ഥിരീകരിച്ചു.
മയങ്ങി വീണ കടുവയെ ഉടന്‍ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടുവയുടെ ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട പുതുശ്ശേരിയില്‍ നിന്ന് 15 കിലോമീറ്ററോളം അകലെയാണ് കുപ്പാടിത്തറ. കര്‍ഷകനെ ആക്രമിച്ച കടുവയാണോ പിടിയിലായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.