ശുചിമുറി നിർമാണ ഫണ്ട്; ബിജെപി കൗൺസിലർമാർ, ക്ലോസറ്റുമായി സെക്രട്ടറിയെ ഉപരോധിച്ചു

ശുചിമുറി നിർമാണ ഫണ്ട്, ഗുണഭോക്താക്കൾക്ക് നഗരസഭ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ, ക്ലോസറ്റുമായി സെക്രട്ടറിയെ ഉപരോധിച്ചു. ഈ മാസം തന്നെ ഫണ്ട് അനുവദിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ പിന്നീട് സമരം അവസാനിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ശുചിമുറി അനുവദിക്കുക എന്നതാണ് പദ്ധതി. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഈ പദ്ധതി നടപ്പാക്കാൻ ഒരു കുടുംബത്തിന് 20,000 രൂപ വീതം നൽകും.നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ ഏതാണ്ട് മുന്നൂറിലധികം ഗുണഭോക്താക്കളുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ട് 3 മാസത്തിലേറെയായി. ശുചിമുറിക്ക് 2 കുഴികൾ എടുത്താൽ ആദ്യ ഗഡു നൽകുമെന്ന് ഗുണഭോക്താക്കളെ അറിയിക്കുകയും അവർ കുഴി എടുക്കുകയും ചെയ്തു. നഗരസഭ പകുതിയോളം പേർക്ക് 10,000 രൂപ നൽകുകയും ചെയ്തു. ഗുണഭോക്താക്കൾ കടം വാങ്ങിയും മറ്റും പണി പൂർത്തിയാക്കി. പക്ഷേ, ശേഷിച്ച തുക ലഭിച്ചില്ല. ഇതേ തുടർന്നാണ് പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ എത്തിയത്. ബിജെപി പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധത്തിന് പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, വേണു ഗോപാൽ, അജിത, കല തുടങ്ങിയവർ നേതൃത്വം നൽകി.