കളഞ്ഞു കിട്ടിയ രണ്ടു പവന്റെ മാല തിരികെ നൽകി

കളഞ്ഞു കിട്ടിയ രണ്ടു പവന്റെ മാല തിരികെ നൽകി മാതൃകയായി നിർമലും കൂട്ടുകാരും. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്തുനിന്നും നിർമലിനും കൂട്ടുകാർക്കും മാല കിട്ടിയത്.വിനോദയാത്ര പോയതായിരുന്നു വലിയതോവാള പൂനാട്ട് നിർമൽ സക്കറിയയും കൂട്ടുകാരും. മാല കിട്ടിയ സംഘം എരുമേലി പൊലീസ് സ്റ്റേഷനിൽ അതെത്തിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെച്ചൂച്ചിറ സ്റ്റേഷനിൽ മാല കളഞ്ഞു പോയതിന്റെ പരാതി കിട്ടിയതായി അറിഞ്ഞു.ചാത്തൻതറ ഈട്ടിക്കൽ അജിതാ സാജനാണ് മാലയുടെ ഉടമ എന്ന് കണ്ടെത്തി. സ്റ്റേഷനിൽ എത്തി മാല തന്റേതു തന്നെയെന്നുറപ്പിച്ച അജിതക്ക് യുവാക്കളുടെ സാന്നിധ്യത്തിൽ മാല തിരികെ നൽകി.