സുപ്രീംകോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും
ഇന്ത്യയുടെ നാൽപത്തിയൊൻപതാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും. രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലികൊടുക്കും. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.
കോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്. നവംബർ എട്ടിന് വിരമിക്കുന്ന ജസ്റ്റിസ് ലളിതന്റെ സിജെഐ കാലാവധി 76 ദിവസം മാത്രമായിരിക്കും.
മഹാരാഷ്ട്രയിൽ നിന്നുള്ള ഉദയ് ഉമേഷ് ലളിത്. 1983ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് ലളിത് മുപ്പത്തിയൊമ്പത് വർത്തിനിപ്പുറം പരമോന്നത നീതീപീഠത്തിന്റെ തലപ്പെത്തെത്തുന്നു. 1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം. പിതാവും മുൻ ജഡ്ജിയുമായിരുന്നയു ആർ ലളിതിന്റെ പാതപിൻതുടർന്നാണ് നിയമപഠനത്തിന്റെ പടികയറുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വർഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല്‍ സുപ്രീംകോടതിയിൽ സീനിയര്‍ അഭിഭാഷകന് ആയി.
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ച ബഞ്ചിൽ വിധിക്ക് അനുകൂലമായി വോട്ട് ചെയ്ത ജഡ്ജിമാരിൽ ഒരാളായിരുന്നു യു.യു ലളിത്. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകനായിരുന്നു. ഇവ കൂടാതെ ജഡ്ജിയായിരിക്കെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബഞ്ചിൽ നിന്നുണ്ടായി. ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.