കന്യാസ്ത്രീകള്‍ അംഗങ്ങളായ ആദ്ധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; കണ്ണൂരില്‍ വൈദികനെ ചുമതലയില്‍ നിന്ന് നീക്കി
കന്യാസ്ത്രീകളും മറ്റു സ്ത്രീകളും അംഗങ്ങളായ ആദ്ധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത വൈദികനെതിരെ നടപടിയെടുത്ത് മാനന്തവാടി രൂപത. കണ്ണൂര്‍ അടയ്ക്കാത്തോട് സെന്റ് ജോസഫ് കത്തോലിക്കാ പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് നടപടിയെടുത്തത്. ഇദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കി രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചു വിളിച്ചു.
മാതൃവേദിയെന്ന സ്ത്രീകളുടെ ആദ്ധ്യാത്മിക ഗ്രൂപ്പിലേക്കാണ് വൈദികന് അശ്ലീല വീഡിയോ അയച്ചത്. ഇതിനെതിരെ ഗ്രൂപ്പില്‍ അംഗങ്ങളായ സ്ത്രീകള്‍ രൂപതാ ആസ്ഥാനത്ത് പരാതി നല്കി. തനിക്കു പറ്റിയ കൈപ്പിഴയാണ് ഇതെന്ന് വികാരി വിശദീകരിച്ചു. മറ്റൊരു വൈദികന് അയച്ചുതന്ന വീഡിയോ തിരിച്ചയപ്പോള്‍ അബദ്ധം പറ്റിയതാണെന്നാണ് വിശദീകരണം.
മാതൃവേദി ഡയറക്ടര്‍ കൂടിയാണ് ഫാ.സെബാസ്റ്റ്യന്‍ കീഴേത്ത്. സംഭവത്തില്‍ മൂന്നംഗം സമിതി അന്വേഷണം ആരംഭിച്ചതായി രൂപത അറിയിച്ചു. അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കും.
Content Highlights: Whatsapp, Group, Obscene Video, Vicar, Catholic Church