കർഷക ജീവനെടുക്കുമോ ഈ പക്ഷിപ്പനി? പ്രതിവിധി തേടി കർഷകർ
സംസ്ഥാനത്ത് പക്ഷിപ്പനി കൂടിവരികയാണ്. ഈ സാഹചര്യത്തെ മുൻനിർത്തി പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴി, താറാവ്, കാട എന്നിവ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തിയിരുന്നു. എട്ട് മാസത്തേക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവ് ‘ബാധിത മേഖലയും’ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയുമാണ്.
പതിനഞ്ച് ദിവസം കൂടുമ്പോൾ നിരോധനമേർപ്പെടുത്തിയ മേഖലയിലെ പക്ഷിപ്പനിയുടെ കണക്കിലുള്ള മാറ്റങ്ങൾ നിരീക്ഷക്കുന്നുണ്ടായിരുന്നു. അതോടൊപ്പം ദേശാടനപ്പക്ഷികളിൽ നിന്ന് രോഗം പടരുന്നു എന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ ഇവയെ നിരീക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നു കർഷകർ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു.
കാരണം രോഗം ബാധിക്കാത്ത പക്ഷികളെയും ഈ അസുഖം ബാധിക്കാൻ ഇടയുണ്ട്. ഇതിലൂടെ വലിയ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്. ആലപ്പുഴ ജില്ലയിൽ പൂർണമായും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭാഗികമായും എട്ടു മാസം പക്ഷി വളർത്തൽ നിരോധനം നടപ്പാക്കണമെന്നാണ് വിദഗ്ധ സമിതി ഇപ്പോൾ നിർദ്ദേശം നൽകിയത്. അഞ്ഞൂറും ആയിരവും കോഴികളെയും താറാവുകളെയും വളർത്തി തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഇടത്തരം കർഷകരാണ് കേരളത്തിൽ കൂടുതലുമുള്ളത്.
ഇപ്പോൾ സർക്കാർ പുറത്തിറക്കിയ ഈ ഉത്തരവ് കർഷകർക്കു തിരിച്ചടിയായി മാറിയിരിക്കുകയാണ്. വായ്പയെടുത്ത് കോഴി-താറാവ് വളർത്തൽ തുടങ്ങിയവരെല്ലാം കടക്കെണിയിലായിരിക്കുകയാണ്. ഭൂരിഭാഗം പേരുടെയും വായ്പത്തിരിച്ചടവ് മുടങ്ങി. സെപ്റ്റംബർ ആദ്യവാരത്തോടെ പക്ഷിപ്പനിബാധിത മേഖകളിൽ കോഴി, താറാവു വളർത്തൽ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലിരിക്കേയാണ് വീണ്ടും സർക്കാർ ഉത്തരവെത്തിയത്.
പക്ഷിപ്പനി പിടിപെടുമ്പോൾ സാധാരണ മൂന്നുമാസമാണ് നിയന്ത്രണം ഏർപ്പെടുത്താറുള്ളത്. അതനുസരിച്ച് ജൂണിൽ പക്ഷിപ്പനി വന്ന ഇടങ്ങളിൽ സെപ്റ്റംബറോടെ പക്ഷിവളർത്തൽ പുനരാരംഭിക്കാൻ കഴിയുമായിരുന്നു. എന്നാൽ, വീണ്ടും നിരോധനം വന്നതോടെ ഇനി നാലുമാസത്തേക്കുകൂടി വരുമാനമില്ലാത്ത അവസ്ഥയാകും. 2025 മാർച്ചുവരെ പക്ഷിവളർത്തൽ നിരോധിക്കണമെന്ന് ജൂലായിൽ വിദഗ്ധസമിതി സർക്കാരിനു റിപ്പോർട്ടു നൽകിയിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവ് മാസങ്ങൾ കഴിഞ്ഞിട്ടും ഇറങ്ങാത്തതിനാൽ കർഷകരിൽ ചിലർ കോഴി-താറാവ് വളർത്തൽ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് കർഷകരെ ഞെട്ടിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കിയത്. പക്ഷിപ്പനിയെത്തുടർന്ന് താറാവും കോഴിയുമുൾപ്പെടെ ജില്ലയിൽ ഒന്നരലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായിരുന്നു. 2.64 കോടി രൂപ നഷ്ടപരിഹാരവും കണക്കാക്കി.
എന്നാൽ, നിരോധനം ഏർപ്പെടുത്തിയിറക്കിയ ഉത്തരവിൽ ഇതേപ്പറ്റി പറഞ്ഞിട്ടില്ല. ഹാച്ചറികളിൽ ഇപ്പോഴുള്ള മുട്ട ശാസ്ത്രീയമായി നശിപ്പിക്കുന്നതിന് അഞ്ചുരൂപ നഷ്ടപരിഹാരം നൽകുമെന്നു മാത്രമാണ് പരാമർശം. എന്നാൽ ഇത് മാസങ്ങളായി വരുമാനമില്ലാത്ത കർഷകരെ അവഗണിച്ചെന്നാണു പറയുന്നത്. അവർ ഉയർത്തുന്ന പരാതിയും ഇത് തന്നെയാണ്.
അതേസമയം കേന്ദ്രഫണ്ട് കിട്ടിയാലുടൻ നഷ്ടപരിഹാരം നൽകാമെന്നും അറിയിപ്പ് ലഭിച്ചിരുന്നു. പക്ഷിപ്പനി, പന്നിപ്പനി എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണത്തെ നഷ്ടപരിഹാരമായി ഏഴുകോടി രൂപ കേന്ദ്രസർക്കാരിൽ നിന്നു കിട്ടാനുണ്ട് എന്നാണ് അധികാരികളുടെ ഭാഗത്തു നിന്നുള്ള പ്രതികരണം.
അതു കിട്ടിയാലുടൻ ഈ വർഷത്തെ നഷ്ടപരിഹാരം നൽകും. പക്ഷിപ്പനി വ്യാപനം തടയാൻ നിയന്ത്രണം അനിവാര്യമാണെന്നും മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചിട്ടുണ്ട്. എങ്കിലും കർഷകർ ഇപ്പോൾ ദുരിതക്കയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആകെയുണ്ടായിരുന്ന വരുമാന മാർഗമാണ് ഇപ്പോൾ ഒരു പറ്റം ആളുകൾക്ക് നഷ്ടമായിരിക്കുന്നത്. കടങ്ങൾ കൂടി വരുന്നതോടെ ആശങ്കയിലാണ് ഇവർ.
.