ചികിത്സപ്പിഴവുകാരണം ഏകമകൻ മരിച്ചു: മലയാളി ദമ്ബതിമാര്‍ക്ക് 16 ലക്ഷം നഷ്ടപരിഹാരം
ഏകമകൻറെ മരണത്തില്‍ മലയാളികളായ ദമ്ബതിമാർക്ക് 26 വർഷത്തിനുശേഷം നീതി. മാവേലിക്കര സ്വദേശി ഹരിദാസൻപിള്ളയ്ക്കും ഭാര്യ ചന്ദ്രികയ്ക്കും ചികിത്സപ്പിഴവുകാരണം മകൻ മരിച്ചതിന് ആശുപത്രി 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാരകമ്മിഷൻ വിധിച്ചു.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള താരാപുർ ആറ്റോമിക് പവർ സ്റ്റേഷൻ (ടി.എ.പി.എസ്) ആശുപത്രിയുടെ ചികിത്സയിലെ അശ്രദ്ധകാരണമാണ് മകൻ ഹരീഷ് മരിച്ചതെന്ന് തെളിയിക്കാൻ മാതാപിതാക്കള്‍ 26 വർഷമായി പോരാടുകയായിരുന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ദമ്ബതിമാരുടെ മകന്റെ മരണത്തിന് കാരണമായതെന്ന് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിരീക്ഷിച്ചു.
മകൻ ഹരീഷ് മരിച്ച 1998 ഓഗസ്റ്റ് മുതല്‍ ഒമ്ബതുശതമാനം പലിശ സഹിതം 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ആശുപത്രിയോട് നിർദേശിച്ചത്. ഓഗസ്റ്റ് 12-ന് ഹരീഷിനെ കടുത്ത പനിയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ഡോക്ടർ ഹരീഷിനെ പരിശോധിച്ച് രക്തപരിശോധനയുള്‍പ്പെടെ വിവിധ പരിശോധനകള്‍ നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. ഇതേത്തുടർന്ന് മകനെ ട്രോംബെയിലെ ബി.എ.ആർ.സി. ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാരോട് നിരന്തരം അഭ്യർഥിച്ചെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.
ഹരീഷിന്റെ ആരോഗ്യനില വഷളായപ്പോള്‍ ഓഗസ്റ്റ് 16-ന് അദ്ദേഹത്തെ ബിഎ.ആർ.സി. ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ഹരീഷിന്റെ വൃക്കകളുടെ പ്രവർത്തനം നിലച്ചതായും ശ്വാസതടസ്സം രൂക്ഷമായതായും ഡോക്ടർമാർ കണ്ടെത്തി. അവിടെ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അവർ ജസ്ലോക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹരീഷിനെ രക്ഷിക്കാനായില്ല. മകന്റെ മരണത്തെത്തുടർന്ന് നീതിതേടി ദമ്ബതികള്‍ പലരേയും സമീപിച്ചു. ഒടുവില്‍ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവിനെതിരേ നല്കിയ അപ്പീലിലാണ് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി പറഞ്ഞത്.