കടുപ്പിച്ച് സുപ്രീംകോടതി , നീറ്റ് പരീക്ഷ ഉടച്ചു വാര്‍ക്കണം ; എൻ.ടി.എക്ക് ശകാരം, താക്കീത്
നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ദേശീയ ടെസ്റ്റിംഗ് ഏജൻസിയെ രൂക്ഷമായി ശകാരിച്ച സുപ്രീംകോടതി, പരീക്ഷാ പ്രക്രിയ അടിമുടി ഉടച്ചുവാർക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവ് നല്കി.
പിഴവുകള്‍ പരിഹരിക്കാൻ നിയോഗിച്ച മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്ണന്റെ വിദഗ്ദ്ധപാനല്‍ സെപ്റ്റംബർ 30നകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാർശകള്‍ സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം പരീക്ഷ സമഗ്രമായി പരിഷ്കരിക്കാൻ നടപടികള്‍ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.
നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് ജൂലായ് 23ന് വിധിച്ച ബെഞ്ച് ഇന്നലെ വിശദമായ വിധി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ചീഫ് ജസ്റ്റിസ് തന്നെ എഴുതിയ വിധിയില്‍ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ പിഴവുകള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇത് ആവർത്തിക്കരുതെന്ന് താക്കീതും നല്കി.