രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്ന് ഗർഭിണിയായ മാധ്യമപ്രവർത്തക; ബിജെപിയുടെ വ്യാജ പ്രചാരണമെന്ന് കോൺഗ്രസ്
വോട്ടർപട്ടിക പുതുക്കലിലെ എസ്.ഐ.ആർ നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം സുപ്രീം കോടതി പരിസരത്ത് നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തന്നെ കയ്യേറ്റം ചെയ്തതായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയുടെ ആരോപണം. വൺഇന്ത്യ ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശറാണ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചത്. സംഭവത്തെ തുടർന്ന് ഇവരെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ബിജെപി പടച്ചുവിട്ട വ്യാജ പ്രചാരണമാണിതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ആശുപത്രിയിൽ തന്നെ സന്ദർശിച്ച ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് റിച്ച തനിക്കെതിരെയുണ്ടായ സംഭവം വിവരിച്ചത്. സുപ്രീം കോടതി കവാടത്തിന് സമീപം രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടാനായി മൈക്ക് നീട്ടിയപ്പോൾ അത് മാറ്റാൻ അദ്ദേഹം ആംഗ്യം കാണിച്ചുവെന്നും തുടർന്ന് മറ്റ് മാധ്യമപ്രവർത്തകരും മൈക്ക് നീട്ടിയപ്പോൾ ഔദ്യോഗിക ചുമതലയുടെ ഭാഗമായി താനും വീണ്ടും മൈക്ക് നീട്ടുകയാണുണ്ടായതെന്നും അവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ രാഹുൽ ഗാന്ധി ദേഷ്യത്തോടെ തന്റെ കൈയിൽ കയറിപ്പിടിച്ച് ശക്തമായി മുൻപോട്ട് വലിച്ചെന്നും, അദ്ദേഹത്തിന്റെ അംഗരക്ഷകർ തന്നെ തള്ളിമാറ്റിയതോടെ സുപ്രീം കോടതിയുടെ പ്രവേശന കവാടത്തിലെ പടികളിലേക്ക് മുഖമടിച്ച് വീഴുകയായിരുന്നുവെന്നുമാണ് മൂന്ന് മാസം ഗർഭിണിയായ റിച്ച വ്യക്തമാക്കിയത്. തന്റെ പിന്നിലുണ്ടായിരുന്ന ക്യാമറാമാനെയും രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്നും അദ്ദേഹം തന്റെ മുകളിലേക്കും തുടർന്ന് മറ്റ് നാലഞ്ചു പേർ അവരുടെ മുകളിലേക്കും വീണുവെന്നും റിച്ച ആരോപിച്ചു.
അതേസമയം, ഗർഭിണിയായ മാധ്യമപ്രവർത്തകയെ കോൺഗ്രസ് പ്രവർത്തകർ സഹായിച്ചില്ലെന്ന് മാത്രമല്ല, അവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.













