1982 എസ്എസ്എൽസി ബാച്ചിലെ കുട്ടികളുടെ ഒരു റീ യൂണിയൻ പ്രോഗ്രാമായ ”വാൽസല്യസംഗമ”ത്തിൽ പങ്കെടുത്ത വ്യക്തിയുടെ ഹൃദയഹാരിയായ കുറിപ്പ്
എം എ എച്ച് എസ് നെടുമ്പാശ്ശേരിയിലെ 1982 എസ്എസ്എൽസി ബാച്ചിലെ കുട്ടികളുടെ ഒരു റീ യൂണിയൻ പ്രോഗ്രാം വാൽസല്യസംഗമം എന്ന പേരിൽ കഴിഞ്ഞദിവസം സൂര്യ അങ്കമാലിയിൽ വച്ച് നടക്കുകയുണ്ടായി.

ആ കൂട്ടായ്മയിലെ ഒരു അംഗമായ സുരേഷിന്റെ കുടുംബാംഗങ്ങൾ എന്ന നിലയിൽ എനിക്കും എൻറെ സഹധർമ്മിണി ശാന്തക്കും ആ പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായി. സ്നേഹസംഗമം സുഹൃത് സംഗമം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വാത്സല്യ സംഗമം എന്നത് എനിക്ക് ഏറെകൗതുകം ഉണ്ടാക്കുന്ന ഒന്നായിരുന്നു. മാതാപിതാക്കളെ ആദരിക്കുകയും അവരിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു ചടങ്ങാണ് അതെന്ന് പിന്നീട് മനസ്സിലായി.

ആചടങ്ങിൽ പങ്കെടുത്തപ്പോഴാണ് വാത്സല്യ സംഗമം എന്ന പേരിൻറെ പൊരുൾ എനിക്ക് ബോധ്യമായത്. സ്നേഹത്തിന്റെയും അലൗകികമായ ആർദ്രതയുടെയും വൈകാരികത നിറഞ്ഞു തുളുമ്പുന്ന ആ സദസ്സിന് വാത്സല്യ സംഗമം എന്നല്ലാതെ മറ്റെന്ത് പേരിടാനാണ്. ഇതിൻറെ സംഘാടകരുടെ ഉൾക്കാഴ്ചയെ അഭിനന്ദിക്കാതെ തരമില്ല.

വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന എന്നെപ്പോലുള്ള മാതാപിതാക്കളെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും പ്രകാശത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതായിരുന്നു ആ സദസ്സ്. ഉറ്റവരുടെ കൈപിടിച്ച് നടന്നവരും വീൽചെയറിൽ വന്നവരും ഒക്കെ ഉണ്ടായിരുന്നു ആ സദസ്സിൽ. മാതാപിതാക്കളെ ഓരോരുത്തരെയായി വേദിയിലേക്ക് ആനയിച്ച് ഇരുത്തി അവരുടെ ഹൃദയം തുറപ്പിച്ച് അവരെക്കൊണ്ട് പാട്ടുപാടിക്കുകയും കവിത ചൊല്ലിക്കുകയും ഒക്കെ ചെയ്തു. വൃദ്ധരായ മാതാപിതാക്കളുടെ കണ്ണുകളിൽ ഉന്മേഷത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രകാശം പരക്കുന്നത് കാണാമായിരുന്നു. കുറെ നാളുകളായി ഒരു പൊതു ചടങ്ങിലും പങ്കെടുക്കാതിരുന്ന ഞാൻ വളരെ ഊർജ്ജസ്വലതയോടെ ഒരുപാട് നേരം അവിടെ സംസാരിച്ചു.

ഞങ്ങളെപ്പോലുള്ള വൃദ്ധരായ മാതാപിതാക്കൾക്ക് പുതുജീവൻ പകർന്ന ഒരു പരിപാടിയായിരുന്നു ആ വാത്സല്യ സംഗമം. ഇതിൻറെ സംഘാടകരായ രഞ്ജിത്തും ഷാജനും ബ്രഹ്മരാജും എൽദോയും സജിമോനും, ശ്രീകുമറുംബിജുവാസുദേവനും ഉഷയും,വിദേശത്ത് ഇരുന്നുകൊണ്ട് ഈ പരിപാടി യിൽ സജീവമായി പങ്കെടുത്ത സതീഷും അങ്ങനെ പേരെടുത്ത് പറയാന് ഒട്ടേറെ പേരുണ്ട്, അവരൊക്കെ ആ പഴയചൊറു ചൊറുക്കുള്ള ബാല്യത്തിലേക്ക് എത്ര വേഗമാണ് രൂപാന്തരം പ്രാപിച്ചത് എന്ന് ഞാൻ ഓർക്കുകയായിരുന്നു.

യോഗാനന്തരം വിഭവസമൃദ്ധമായ ഭക്ഷണവും കഴിഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. വേദിയിൽ അപ്പോഴും പാട്ടും കളിയും ചുവടുവൈപ്പും ഒക്കെ നടന്നുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളായ ഞങ്ങൾക്ക് നിറപ്പകിട്ടാർന്ന നല്ലൊരു സായാഹ്നം സമ്മാനിച്ചതിന് സംഘാടകരോട് എല്ലാവരോടും നന്ദി പറയുന്നു.
പി.കെ.മോഹനൻ












