ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം, പറക്കും തളികകള്‍ സ്ഥിരമായി വന്നു പോകുന്ന ഏരിയ 51

ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിന് സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഒരേ ഒരു ഉത്തരമാണ് ഏരിയ 51. 1950 മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന പ്രദേശം ദുരൂഹതാ വാദക്കാരുടെ ഇഷ്ട ഇടമായത്.
യു എസ് എയർഫോഴ്സിന്റെ പ്രത്യേക സംരക്ഷിത മേഖലയാണ് നോവാഡയിലെ ഏര്യാ 51 എന്ന് അറിയപ്പെടുന്ന സ്ഥലം. സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ഇവിടെ അസാധാരണമായ അന്യഗ്രഹ വാഹനങ്ങള്‍ക്ക് സമാനമായ പലതും കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് പിന്നാലെ ലോക ശ്രദ്ധ നേടിയിരുന്നു.
ലോകത്തിന് വളരെ കുറച്ച് മാത്രം വിവരങ്ങള്‍ അറിയാവുന്ന അമേരിക്കന്‍ സൈന്യത്തിന്റെ പരീക്ഷണ കേന്ദ്രമായാണ് ഏരിയ 51 അറിയപ്പെടുന്നത്. 1955 മുതല്‍ സജീവമെങ്കിലും ഏരിയ 51 ഉണ്ടെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചത് 2013ല്‍ മാത്രമാണ്.നെവാദയിലൂടെ പോകുന്ന സ്റ്റേറ്റ് ഹൈവേ 375ല്‍ നിന്നും ഉള്ളിലേക്കു പോകുന്ന ഒരു മണ്‍പാതയുണ്ട്.സാധാരണ യാത്രക്കാരാരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത ഈ പാതയുടെ അവസാനത്തിലാണ് ഏരിയ 51ലേക്കുള്ള കവാടം.
കണ്ണെത്താ ദൂരത്തോളം മുള്‍ച്ചെടികളും പാറക്കല്ലുകളും നിറഞ്ഞ ഭൂപ്രദേശം. ഫോണ്‍ റേഞ്ചില്ലാത്ത ജിപിഎസ് ലഭിക്കാത്ത കിലോമീറ്ററുകള്‍ അകലെ മാത്രം പെട്രോള്‍ പമ്പുകളുള്ള ഈ പ്രദേശത്തിലൂടെ ഏരിയ 51ലേക്ക് വഴികാണിക്കുന്ന ബോര്‍ഡുകളൊന്നും കണ്ടെത്താനായെന്നു വരില്ല. ഭൂപടത്തില്‍ ഈ പ്രദേശത്തെ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ഏരിയ 51.
അന്യഗ്രഹ ജീവികള്‍, പറക്കും തളികകള്‍, അങ്ങനെ കൊടുംരഹസ്യങ്ങളുടെ അതിനിഗൂഢ കേന്ദ്രമാണ് ഏരിയ 51. നെവാഡയില്‍ ഹെക്ടറുകള്‍ പരന്നു കിടക്കുന്ന മരുഭൂമിക്ക് സമാനമായ പ്രദേശമാണിത്. രഹസ്യങ്ങള്‍ കുടിയിരിക്കുന്ന ഈ മേഖല അതിനാല്‍ തന്നെ നോ ഫ്ളൈ സോണാണ്. പുറത്തു നിന്ന് ആര്‍ക്കും അതിക്രമിച്ച് കടക്കാനാകില്ലെന്ന് ചുരുക്കം. അമേരിക്ക ഇവിടെ അന്യഗ്രഹ ജീവികളെ ഒളിപ്പിച്ചിരിക്കുകയാണെന്നും അതല്ല, ലോകത്തെ സംബന്ധിക്കുന്ന രഹസ്യരേഖകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നതുമടക്കം ഒട്ടേറെ കഥകളാണ് എരിയ 51ന ചുറ്റിപ്പറ്റിയുള്ളത്. ഈ കഥകളൊന്നും നിഷേധിക്കാനോ ശരിവയ്ക്കാനോ അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഹെക്ടറുകളോളം പരന്നുകിടക്കുന്ന ഈ രഹസ്യകേന്ദ്രം ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളുടെ പട്ടികയിലേക്ക് കയറിപ്പറ്റിയതും ഈ കാരണത്താല്‍ തന്നെ. സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത പ്രദേശം അമേരിക്കയുടെ അതീവസുരക്ഷാ എയര്‍ഫോഴ്സ് ബേസ് എന്നാണ് അറിയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഏരിയ 51-നുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നു പുറംലോകത്തിന് ഇതുവരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.
എങ്കിലും അന്യഗ്രഹജീവികളെ കുറിച്ച് ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇതിനുള്ളില്‍ നടക്കുന്നതെന്നാണ് ലോകത്തിന്റെ സംശയം. അതുകൊണ്ടുതന്നെ ഏരിയ 51-നെ കുറിച്ചുള്ള കെട്ടുകഥകള്‍ക്ക് ഒരു കാലത്തും പഞ്ഞമില്ല. ഈ നിഗൂഢതയുടെ ചുരുളഴിക്കുക എളുപ്പമല്ല. കാരണം ഇവിടേക്കാര്ക്കും പ്രവേശനമില്ല.
അമേരിക്കയിലെ വടക്ക് പടിഞ്ഞാറന്‍ ലാസ് വേഗസില്‍നിന്ന് ഏകദേശം 120 മൈല്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നെവാഡയില്‍ ഹെക്ടറുകളോളം പരന്നുകിടക്കുന്ന സ്ഥലത്താണ് ഏരിയ 51 പ്രവര്‍ത്തിക്കുന്നത്. നെവാഡയിലെ എക്സ്ട്രാ ടെറസ്ട്രിയല്‍ ഹൈവേയില്‍ 29-30 മൈല്‍ മാര്‍ക്കറുകള്‍ക്കിടയിലാണ് ഏരിയ 51-ലേക്കുള്ള മണ്വഴിയുള്ളത്. സമീപത്തെ ഗ്രൂം തടാകത്തിലേക്കോ ചെറുവിമാനത്താവളത്തിലേക്കോ നയിക്കുന്ന വഴിയായാണ് സിവില്‍ ഏവിയേഷന്‍ ഭൂപടത്തില്‍ പോലും ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, ഈ വഴി യഥാര്‍ഥത്തില്‍ ചെന്നെത്തുന്നത് ഏരിയ 51 എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന അതീവസുരക്ഷാ കേന്ദ്രത്തിലേക്കാണ്. പാരഡൈസ് റാഞ്ച്, വാട്ടര്‍ ടൗണ്‍, ഡ്രീംലാന്‍ഡ് റിസോര്‍ട്ട്, റെഡ് സ്ക്വയര്‍, ദി ബോക്സ് ആന്റ് ദി റാഞ്ച്, നെവാഡ ടെസ്റ്റ് ആന്റ് ട്രെയിനിങ് റെയ്ഞ്ച്, ഡിറ്റാച്ച്മെന്റ് 3, എയര്‍പോഴ്സ് ഫ്ളൈറ്റ് ടെസ്റ്റ് സെന്റര്‍ തുടങ്ങിയ നിരവധി പേരുകളിലും സ്ഥലം അറിയപ്പെടുന്നുണ്ട്. ബേസ് പ്രവര്‍ത്തിക്കുന്നത് ചെറിയ സ്ഥലത്താണെങ്കിലും ചുറ്റുമുള്ള 36,000 ഹെക്ടര്‍ ചുറ്റളവ് സ്ഥലത്തേക്ക് പോലും ആര്‍ക്കും പ്രവേശനമില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് ഇവിടെയുള്ള തടാകത്തില്‍നിന്ന് വെള്ളി, ഈയം തുടങ്ങിയവ ഖനനം ചെയ്തെടുത്തിരുന്നു. യുദ്ധം ആരംഭിച്ചതോടെ സൈന്യം ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇവിടെ ഗവേഷണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ആണവ ആയുധങ്ങളുടേയും മറ്റ് ആയുധങ്ങളുടേയും പരീക്ഷണമാണ് പ്രധാനമായും നടന്നിരുന്നത്. ശീതയുദ്ധകാലത്താണ് ഏരിയ 51 എന്ന രഹസ്യകേന്ദ്രം രൂപപ്പെട്ടു വരുന്നത്.
രഹസ്യാന്വേഷണ വിമാനങ്ങള്‍ക്ക് രൂപം നല്‍കാനും നിര്‍മിക്കാനും പരീക്ഷിക്കാനുമായി പ്രത്യേക സ്ഥലം വേണമെന്നുള്ള ആലോചന അന്നത്തെ
C I A ഡയറക്ടറായ റിച്ചാര്‍ഡ് ബിസലാണ് മുന്നോട്ടുവെച്ചത്. 1955-ല്‍ ബിസലും എയര്‍ ക്രാഫ്റ്റ് ഡിസൈനറായ കെല്ലി ജോണ്‍സണും ചേര്‍ന്ന് ഗ്രൂം ലേക്ക് ഉള്‍പ്പെട്ട പ്രദേശത്തെ ഇതിനായി തിരഞ്ഞെടുത്തു. തുടര്‍ന്ന് അറ്റോമിക് എനര്‍ജി കമ്മീഷന് ഈ സ്ഥലത്തെ നെവാഡ ടെസ്റ്റ് സൈറ്റിന്റെ മാപ്പിലേക്ക് ചേര്‍ക്കുകയും സ്ഥലത്തിന് ഏരിയ 51 എന്ന് പേര് നല്‍കുകയും ചെയ്തു.
എട്ട് മാസത്തിനുളളില്‍ ഇവിടെവെച്ച് എഞ്ചിനീയര്‍മാര്‍ ആദ്യത്തെ യു 2 വിമാനം നിര്‍മിച്ചു. 70,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്നവയായിരുന്നു ഇത്തരം വിമാനങ്ങള്‍. അന്ന് ലഭ്യമായിരുന്ന എല്ലാ വിമാനങ്ങളേക്കാള്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്നവയായിരുന്നു യു 2. അതുകൊണ്ട് തന്നെ യുദ്ധകാലത്തെ സോവിയറ്റ് റാഡാറിനും മിസൈലുകള്‍ക്കും വിമാനങ്ങള്‍ക്കും മുകളില്‍ പറക്കാന്‍ ഇവയ്ക്ക് സാധിച്ചു. എന്നാല്‍, 1960-ല്‍ ഈ വിമാനത്തേയും സോവിയറ്റ് യൂണിയന്റെ ആന്റി എയര്‍ മിസൈല്‍ വെടിവെച്ച് തകര്‍ത്തു.
പരാജയം നേരിട്ട പശ്ചാത്തലത്തില്‍ അമേരിക്ക യു 2നേക്കാളും ആധുനികമായ വിമാനങ്ങളെക്കുറിച്ച് പഠിക്കാനും നിര്‍മിക്കാനും ആരംഭിച്ചു. തുടര്‍ന്ന് ടൈറ്റാനിയം ഉപയോഗിച്ച് നിര്‍മിച്ച എ 12 വിമാനങ്ങളായിരുന്നു ഏരിയ 51-ല്‍നിന്ന് അടുത്തതായി പുറത്തിറങ്ങിയത്. 90,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി 70 മിനുട്ടോ 2,2200 മൈല്‍ ദൂരമോ പറക്കാന്‍ കഴിയും. ഇതിന് പുറമേ വിമാനത്തില്‍ നിരവധി ക്യാമറകളും ഘടിപ്പിച്ചിരുന്നു.
ഭൂമിയില്‍നിന്ന് ഒരടിയെങ്കിലും ഉയരത്തില്‍ നില്ക്കുന്ന വസ്തുക്കളുടെ ചിത്രങ്ങള്‍ എത്ര ഉയരത്തില്‍നിന്ന് വേണമെങ്കിലും പകര്‍ത്താന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീടും ഏരിയ 51-ല്‍ പലവിധ പഠനങ്ങളും പരീക്ഷണങ്ങളും നടന്നു. എന്നാല്‍ എന്ത് തരം പരീക്ഷണമാണ് അവിടെ നടക്കുന്നതെന്നാണ് ലോകം കൗതുകത്തോടെ ചോദിക്കുന്നത്.
ഈ പ്രദേശത്തെ ചെറിയ ചലനങ്ങൾ പോലും,അതൊരു സാധാരണ ഭൂചലനമാണെങ്കിൽപോലും വലിയ ഊഹാപോഹങ്ങൾക്കിടയാക്കും. സൈനിക കേന്ദ്രത്തിൽനിന്നും ഏതാനും കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭൂകമ്പം ഉണ്ടായതോടെ യുഎഫ്ഒ ആക്രമണങ്ങളും, അത്യാധുനിക വിമാന പരീക്ഷണവുമൊക്കെയാണെന്ന വാദങ്ങൾ പ്രചരിക്കാൻ തുടങ്ങി. ഇതോടെ ഇത് സാധാരണ ഒരു ഭൂകമ്പമായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2.5 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായവും നാശനഷ്ടങ്ങളും ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.