പൊലീസ് റിപ്പോര്‍ട്ട് തള്ളി ഡി.ജി.പി; രോഹിത് വെമുല കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍
ഹൈദരാബാദ് സെൻട്രല്‍ യൂനിവേഴ്സിറ്റിയില്‍ ദലിത് ഗവേഷകനായിരുന്ന രോഹിത് വെമുലയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സർക്കാർ. തെലങ്കാന ഡി.ജി.പി രവി ഗുപ്തയാണ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രതികള്‍ക്ക് ക്ലീൻചിറ്റ് നല്കി കേസ് അവസാനിപ്പിച്ച പൊലീസ് റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസ് അവസാനിപ്പിച്ച് പൊലീസിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്നത്. രോഹിത് പട്ടികജാതി വിഭാഗക്കാരനല്ലെന്നും തന്റെ യഥാർഥ ജാതി സ്വത്വം തിരിച്ചറിയപ്പെടുമെന്നു ഭയന്നാണ് ജീവനൊടുക്കിയതെന്ന് അനുമാനിക്കുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ടില്‍ വ്യക്തമാക്കിയത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് എച്ച്.സി.യുവില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്തുവരുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അന്വേഷണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് അമ്മ രാധിക വെമുലയും സഹോദരൻ രാജ വെമുലയും രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി പുനരന്വേഷണം പ്രഖ്യാപിച്ചത്. മാധപൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആയിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 2018ല്‍ അന്തിമ റിപ്പോർട്ട് തയാറാക്കിയിരുന്നുവെന്നും 2024 മാർച്ച് 21നാണ് മജിസ്ട്രേറ്റ് കോടതിയില്‍ ഇതു സമർപ്പിക്കുന്നതെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.
തെലങ്കാനയില്‍ കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വന്ന് നാലു മാസത്തിനുശേഷമാണ് റിപ്പോർട്ട് വരുന്നത്. അടുത്തിടെ നടന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ രാധിക വെമുല പങ്കെടുത്തിരുന്നു. പരിപാടിക്കിടെ രാഹുല്‍ രാധികയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തെലങ്കാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കിനില്‍ക്കെ പുറത്തുവന്ന പൊലീസ് റിപ്പോർട്ട് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും. എന്നാല്‍, 2018ല്‍ തയാറാക്കിയ റിപ്പോർട്ട് ഇപ്പോഴാണ് കോടതിയില്‍ സമർപ്പിക്കുന്നതെന്ന വിശദീകരണമാണ് പൊലീസ് മേധാവി വിശദീകരിക്കുന്നത്. റിപ്പോർട്ടിനെ കുറിച്ച് തെലങ്കാന കോണ്‍ഗ്രസോ കേന്ദ്ര നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.