ഭാവഗായകന് വിട നല്കി കേരളം; ഒഴുകിയെത്തി ആയിരങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന് യാത്രാമൊഴി. പറവൂര്‍ പാലിയത്തെ തറവാട്ടു ശ്മാശനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒന്നരയോടെയായിരുന്നു സംസ്കാരം നടന്നത്. മകന് ദിനനാഥനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പാട്ടുകള്‍ കൊണ്ട് ജനഹൃദയം കീഴടക്കിയ പ്രിയഗായകനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും തുടര്‍ന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലുമായിരുന്നു പൊതുദര്‍ശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടില്‍ എത്തിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഹൈബി ഈഡന് എംപി, പ്രേംകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.