ഒരു രാത്രി ജയിലില്‍, അല്ലു അര്ജുന് മോചിതനായി
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന് അല്ലു അര്ജുന് ജയില്‍ മോചിതനായി. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവെത്താന്‍ വൈകിയതോടെയാണ് നടന് ജയിലില്‍ ഒരു രാത്രി കഴിയേണ്ടിവന്നത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലെ എ1 ബാരക്കിലാണ് അല്ലു അര്‍ജുനെ പാര്‍പ്പിച്ചത്.
ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അര്‍ജുനെ മോചിപ്പിച്ചില്ലെന്നും ഇതിനു മറുപടി പറയേണ്ടിവരുമെന്നും നടന്റെ അഭിഭാഷകന് അശോക് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണത്തിന്റെ ഉത്തരവാദിത്വം നടന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം. മോചനം വൈകിയതില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന് വ്യക്തമാക്കി.
പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റുചെയ്തത്. പിന്നാലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. എന്നാൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.