തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു, അഭിനയിച്ചത് മലയാളം ഉള്‍പ്പെടെ 400ലധികം സിനിമകളില്‍
മലയാളത്തില്‍ ഉള്‍പ്പെടെ 400ലധികം സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.തിരുനെല്‍വേലി സ്വദേശിയാണ്. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും.
തമിഴ് സിനിമയിലൂടെ അഭിയന രംഗത്തേക്ക് എത്തിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉള്‍പ്പെടെ മറ്റു വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1976ല്‍ കെ. ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഗണേശൻ എന്നായിരുന്നു യഥാർത്ഥ പേര്. സിനിമയിലെത്തിയശേഷം കെ ബാലചന്ദർ ആണ് ആദ്യത്തെ പേരുമാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നല്‍കിയത്. അവ്വൈ ഷണ്മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധേമായിരുന്നു. ഇന്ത്യൻ 2 വിലാണ് ഒടുവില്‍ വേഷമിട്ടത്.
ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാളചിത്രങ്ങള്‍. ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴില്‍ ശബ്ദം നല്‍കിയത് ഡല്‍ഹി ഗണേഷായിരുന്നു.
1979ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1994ല്‍ കലൈമാമണി പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.