മാഹിയിലും രക്ഷയില്ല; പുതുവർഷത്തിൽ ഇന്ധന വില കൂടും
മാഹിയിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർദ്ധിക്കും. പുതുച്ചേരിയിൽ ഇന്ധന നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഈ വിലക്കയറ്റം. നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.
ഇപ്പോൾ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.