നിയമവിരുദ്ധമാണെങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്ന് യൂൻ സൂക് യോൾ
അറസ്റ്റില്‍ പ്രതികരിച്ച് ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സൂക് യോൾ. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിൽ തടയാനാണ് അന്വേഷണസംഘവുമായി സഹകരിക്കുന്നതെന്നും യോൾ വ്യക്തമാക്കി.എന്നത് ദക്ഷിണകൊറിയയിൽ നീതി നിലനിൽക്കുന്നുണ്ടെന്ന് പ്രതിപക്ഷം പ്രതികരിച്ചു. ഭരണഘടനാ ക്രമവും ജനാധിപത്യവും നിയമവാഴ്ചയും പുന:സ്ഥാപിക്കുന്നതിനുളള ആദ്യ ചുവടാണ് അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് പാർക്ക് ചാൻ ഡേ പറഞ്ഞു.
വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ യുൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാനുളള ശ്രമം പരാജയപ്പെട്ടിരുന്നു. സൂകിൻറെ വസതിയിലെത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഡിസംബർ മൂന്നിലെ പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ദക്ഷിണകൊറിയൻ പ്രസിഡൻറായിരുന്ന യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. പാർലമെൻറിൽ എംപിമാർ പ്രസിഡൻറിനെ ഇംപിച്ച് ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോൾ 204 എംപിമാരാണ് അനുകൂലിച്ചത്. 85 എംപിമാർ എതിർത്തു. ഇതോടെ സൂക് യോളിന്റെ എല്ലാ പ്രസിഡൻഷ്യൽ അധികാരങ്ങളും റദ്ദ് ചെയ്യപ്പെട്ടു.