തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ടു പേര് മരിച്ചു; എട്ടോളം പേരെ കാണാതായി
തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ടു പേര് മരിച്ചു. തീരത്തിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. എട്ടോളം പേരെ കാണാതായിട്ടുണ്ട്. ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ടാണ് ബോട്ട് മറിഞ്ഞത്.
24 പേര് ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. മറ്റു ബോട്ടുകള്‍ ചിലരെ രക്ഷപ്പെടുത്തി. ചിലര്‍ നീന്തി കരയിലെത്തി. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കും.
വര്‍ക്കലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല സ്വദേശി കഹാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. കാണാതായവരില്‍ കഹാറിന്റെ മക്കളും ഉണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടി. ശക്തമായ കാറ്റും തിരയും തുടരുന്നതിനാലാണ് നാവികസേനയുടെ സഹായം തേടിയത്.
Content Highlights – Two people died when fishing boat sank