‘ആട്ടിൻതോലണിഞ്ഞ ചെന്നായ, ഗൂഗിള്‍ നോക്കി കമന്ററി പറയുന്നവൻ’; ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സംസ്ഥാന BJP
കോഴിക്കോട്: വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും ചാനല്‍ ചർച്ചകളിലെ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കർക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി ബി.ജെ.പി.
സംസ്ഥാന നേതൃത്വം. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മില്‍ പരസ്പരം പേര് പറയാതെ വാക്പോര് നടന്നിരുന്നു. ഉള്ളിയുടെ ചിത്രം ഉള്‍പ്പെടുത്തി, ‘ഗണപതിവട്ടംജി’ എന്ന് പരിഹസിച്ചായിരുന്നു സുരേന്ദ്രന്റെ പരാമർശത്തിന് ശ്രീജിത്ത് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടേയും യുവമോർച്ചയുടേയും കേരളഘടകം നേതാക്കള്‍ ശ്രീജിത്ത് പണിക്കർക്കെതിരെ രംഗത്തെത്തിയത്.
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാൻ വൈകരുത് എന്നാണ് ശ്രീജിത്ത് പണിക്കരുടെ പേരെടുത്ത് പറഞ്ഞ് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉള്ളതുപറയുമ്ബോള് ശ്രീജിത്ത് പണിക്കർക്ക് എന്തിനാണ് പൊള്ളുന്നതെന്നും ഗണപതിവട്ടം ചർച്ച ഉയർത്തിയതുകൊണ്ട് കേരളത്തില്‍ എവിടെയാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. കുത്തിത്തിരിപ്പ് നിരീക്ഷണങ്ങള്‍ ഇറക്കിവിടുമ്ബോള് കുറച്ചുകൂടി ശ്രദ്ധിക്കണ്ടേയെന്നും അദ്ദേഹം പരിഹസിച്ചു.
ഗൂഗിളില്‍ നോക്കി കമന്ററി പറയുന്നവനാണ് പണിക്കരെന്നാണ് ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഗ്രൗണ്ടിലെ യാഥാർഥ്യം പണിക്കരുടെ കമന്ററിയില്‍ പറഞ്ഞതല്ല. ഗ്രൗണ്ട് മുഴുവൻ ഓടിനടന്ന് കളിച്ച കെ. സുരേന്ദ്രനാണ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 65,000 കുറച്ചത്. ‘ഗണപതിവട്ടംജി’ എന്ന പേര് സുരേന്ദ്രന് പൊൻതൂവലാണ് എന്ന് കണക്ക് നോക്കിയാല്‍ മനസിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ ബി.ജെ.പി. സ്ഥാനാർഥിയുമായ സി.ആർ. പ്രഫുല്‍ കൃഷ്ണനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തി. രാഷ്ട്രീയ നിരീക്ഷകന് അഭിപ്രായം പറയാൻ അതിരുകളില്ലെന്ന അഭിപ്രായസ്വാതന്ത്ര്യം എന്ത് തോന്നിവാസവും വിളിച്ചുപറയാനുള്ള ലൈസൻസാണെന്ന് കരുതരുതെന്ന് പ്രഫുല്‍ കൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു. കൊടകരയെന്നും നിയമനമെന്നും പറഞ്ഞ് ആക്രമിക്കാൻ വട്ടം കൂടിയവരില്‍ നിഷ്പക്ഷ മുഖമൂടിയിട്ട നിരീക്ഷകരും ഉണ്ടായിരുന്നു. ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പോടെയാണ് പ്രഫുല്‍ കൃഷ്ണന്റെ പോസ്റ്റ് അവസാനിക്കുന്നത്. കണ്ണട ധരിച്ച് മൈക്കിന് മുന്നില്‍ സംസാരിക്കുന്ന കഴുതയുടെ ചിത്രം സഹിതമായിരുന്നു പ്രഫുലിന്റെ പോസ്റ്റ്.