ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ
കോഴിക്കോട്: ഡോക്ടർ എൻ രാജേന്ദ്രൻ ഡിഎംഒ ആയി ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഏറ്റെടുക്കുന്നത്. ട്രൈബ്യൂണൽ ഉത്തരവ് താൻ ശരിയായ ദിശയിലാണ് മനസ്സിലാക്കിയത്. അതുതന്നെയാണ് കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്നും മറ്റൊന്നും പറയാനില്ലെന്നും ഡിഎംഒ പറഞ്ഞു .
അതേസമയം ചടങ്ങിൽ ആശാദേവി പങ്കെടുത്തില്ല. സ്ഥലം മാറ്റ ഉത്തരവ് പ്രകാരം നേരത്തെ ഡോ. ആശാദേവി ഡിഎംഒ ആയി ചുമതലയേറ്റിരുന്നു. ഈ മാസം ഒമ്പതിനായിരുന്നു സംസ്ഥാനത്തെ നാലു മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിട്ടത്. മൂന്ന് ഉദ്യോഗസ്ഥര്‍ സ്ഥലമാറ്റം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങി.
പരാതിയുള്ള ഉദ്യോഗസ്ഥരെ കേട്ട ശേഷം ഒരു മാസത്തിനുള്ളില്‍ സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുക്കാനായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. എന്നാല്‍ പരാതിക്കാരെ കേള്‍ക്കുമെന്ന് വ്യക്തമാക്കിയ ആരോഗ്യ വകുപ്പ് സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ദിവസങ്ങളായി കസേര ഒഴിയാതെ പിടിച്ചു നിന്ന ഡോ. എന്‍. രാജേന്ദ്രന് ഓഫീസ് വിടേണ്ടി വന്നു.