തമിഴ്നാട് ഗവർണർ പങ്കെടുത്ത ബിരുദദാനചടങ്ങ് ബഹിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി
തമിഴ്നാട് ഗവർണർ ആർ എൻ രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊൻമുടി പങ്കെടുത്തില്ല. ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റക്ക് തീരുമാനിച്ചതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിക്കാൻ കാരണം. സാധാരണ അതിഥികളെ നിശ്ചയിക്കുക വൈസ് ചാൻസലറാണ്. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോവൈസ് ചാൻസലറുമായ തന്റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസിന്റെ മാത്രം നിർദേശപ്രകാരം അതിഥികളെ നിശ്ചയിച്ചെന്നാണ് മന്ത്രിയുടെ പ്രധാന ആക്ഷേപം.
തമിഴ്നാട് സർക്കാരും ഗവർണർ ആർ എൻ രവിയും തമ്മിൽ തുടക്കം മുതൽ തന്നെ രസത്തിലല്ല. ഡിഎംകെയുടെ ആരോപണം ആർഎസ്എസ് ഭരണഘടനാ സ്ഥാനത്തിരുന്ന് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ്. ഗവർണർ സർവകലാശാലാ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ബിജെപി രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്നും ബിജെപിയുടെ ഏജന്റിനെപ്പോലെ പ്രവർത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ചടങ്ങിനിടെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
Content Highlights – Tamilnadu Governor, Education minister, boycotts