കേരളത്തിൽ വന്ദേ ഭാരതിൽ തിരക്ക്; കോച്ചുകൾ കൂട്ടി റെയിൽവേ

കേരളത്തിന് രണ്ടാമതായി അനുവദിച്ച തിരുവനന്തപുരം മംഗലാപുരം വന്ദേ ഭാരതിന്റെ കോച്ചുകൾ കൂട്ടാനൊരുങ്ങുകയാണ് റെയിൽവേ. നിലവിലെ എട്ട് കോച്ചുകളിൽ നിന്ന് 20 കോച്ചുകളായാണ് വർധിപ്പിക്കുന്നത്. ഇതോടെ നിലവിൽ 512 സീറ്റുകളുള്ള ട്രെയിനിൽ 1336 സീറ്റുകൾ ഉണ്ടാകും.
മംഗലാപുരം വന്ദേ ഭാരതിന് മികച്ച സ്വീകരണമാണ് മലയാളികൾക്കിടയിൽ ലഭിച്ചിരുന്നത്. ആലപ്പുഴ വഴി പോകുന്ന ട്രെയിൻ ആയതിനാൽ ടൂറിസ്റ്റുകളടക്കം ഒരുപാട് യാത്രക്കാർ ഈ ട്രെയിനിനെ ആശ്രയിക്കാറുണ്ട്. പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനാൽ കോച്ചുകൾ കൂട്ടുന്നത് യാത്രക്കാർക്ക് വലിയ ഉപകാരമാകും. നേരത്തെ കാസർകോട് തിരുവനന്തപുരം വന്ദേ ഭാരതിന്റെ കോച്ചുകളും 16ൽ നിന്ന് 20 ആക്കിയിരുന്നു.
അതേസമയം, കയറാൻ ആളില്ലാത്തതിനാൽ സെക്കന്ദരാബാദ് – നാഗ്പൂർ വന്ദേ ഭാരതിന്റെ കോച്ചുകൾ കുറയ്ക്കാനൊരുങ്ങുകയാണ് റെയിൽവേ. ഇരുപത് കോച്ചുകൾ ഉണ്ടായിരുന്ന വണ്ടി ഇനി മുതൽ എട്ട് കോച്ചുകളുമായാണ് സർവീസ് നടത്തുക. സെപ്റ്റംബർ 2024 മുതൽ ജനുവരി 2025 വരെയുള്ള കാലയളവിൽ ട്രെയിനിൽ യാത്രക്കാർ തീരെയില്ലായിരുന്നു. നാഗ്പൂരിൽ നിന്ന് സെക്കന്ദരാബാദിലേക്കുള്ള യാത്രയിൽ മൊത്തം ഒക്കുപൻസിയുടെ 33.81 ശതമാനവും, തിരിച്ച് 33.87 ശതമാനവും മാത്രമാണ് യാത്രക്കാർ ഉണ്ടായിരുന്നത്. ഇത് മൂലം 20 കോച്ചുകൾ ഓടിക്കുക എന്നത് റെയിൽവേക്ക് കനത്ത നഷ്ടമായിരുന്നു.