തീയിൽ കുരുത്തത് വെയിലേറ്റു വാടില്ല; കരുത്ത് തെളിയിച്ച് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം
സൂര്യന്റെ അതിതാപം ചുട്ടെരിക്കുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ടു പാര്‍ക്കര്‍ . സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കുന്ന മനുഷ്യനിര്‍മിത വസ്തു എന്ന ബഹുമതി നേടിയ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം സുരക്ഷിതമെന്ന് നാസ അറിയിച്ചതോടെയാണ് ആശങ്കകള്‍ കത്തിയെരിഞ്ഞു പോയത് .സൂര്യോപരിതലത്തില്‍ നിന്ന് വെറും 3.8 മില്യണ്‍ മൈല്‍ അതായത് ഏകദേശം 61 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയാണ് ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് മണിക്കൂറില്‍ 692,000 കിലോമീറ്റര്‍ വേഗതയില്‍ പറന്നത്.
ഡിസംബര്‍ 24നാണ് പേടകം സൂര്യന്റെ 6.1 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് എത്തിയത്. സൂര്യന്റെ പുറത്തെ അന്തരീക്ഷമായ കൊറോണയില്‍ പാര്‍ക്കര്‍ എത്തിയിരുന്നു.ഭൂമിക്കേറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പാര്‍ക്കറെ അയച്ചിരിക്കുന്നത്.
സൂര്യന് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിര്‍മിത വസ്തു എന്ന നാഴികക്കല്ല് ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സ്വന്തമാക്കി. എന്നാല്‍ ഈ ചരിത്ര പറക്കലിനിടെ സോളാര്‍ പ്രോബ് പേടകത്തെ കുറിച്ച് ശാസ്ത്രലോകത്തിന് ആശങ്കകള്‍ ഏറെയുണ്ടായിരുന്നു. സൂര്യന്റെ കൊറോണ പാളിയിലെ 1,700 ഫാരന്‍ഹീറ്റ് അഥവാ 930 ഡിഗ്രിസെല്‍ഷ്യസ് വരെയുള്ള ചൂടിനെ മറികടന്നുവേണമായിരുന്നു പേടകത്തിന് സഞ്ചരിക്കാന്‍. എന്നാല്‍ അതിശക്തമായ ചൂടിനും റേഡിയേഷനും പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ കരിച്ചുകളയാനായില്ല.നിലവില്‍ സാധാരണഗതിയില്‍ പാര്‍ക്കര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ കൂട്ടിച്ചേര്‍ത്തു.
സൂര്യന് ഏറ്റവും അടുത്തകൂടെ പറന്ന ശേഷം പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഭൂമിയിലേക്ക് തിരികെ സന്ദേശം അയച്ചതായും നാസ അറിയിച്ചു. മേരിലാന്‍ഡിലെ ജോണ്‍ ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലബോററ്ററിയിലാണ് സോളാര്‍ പ്രോബില്‍ നിന്നുള്ള സന്ദേശം ലഭിച്ചത്. കൂടുതല്‍ വിശദമായ ഡാറ്റ പേടകത്തില്‍ നിന്ന് പുതുവത്സര ദിനത്തില്‍ 2025 ജനുവരി 1ന് ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.
സൂര്യനിലെ വസ്തുക്കള്‍ എങ്ങനെയാണ് ദശലക്ഷണക്കിന് ഡിഗ്രിയില്‍ ചൂടാകുന്നതെന്നും, സൗരവാതങ്ങളുടെ ഉത്ഭവം എങ്ങനെയാണെന്നും ഊര്‍ജകണങ്ങള്‍ക്ക് പ്രകാശവേഗം കൈവരുന്നതെങ്ങനെയെന്നുമെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് പാര്‍ക്കര്‍ പ്രോബിന് കഴിയുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു
സൂര്യന്റെ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയമാണ് കൊറോണ. സൂര്യന്റെ ഈ പുറംകവചത്തെ ഏറ്റവും അടുത്തെത്തി നിരീക്ഷിക്കുന്ന നാസയുടെ റോബോട്ടിക് ബഹിരാകാശ വാഹനമാണ് സോളാർ പ്രോബ് എന്നറിയപ്പെട്ടിരുന്ന പാർക്കർ സോളാർ പ്രോബ്. 685 കിലോഗ്രാമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകത്തിന്റെ ഭാരം. 2018 ഓഗസ്റ്റ് 12ന് ഫ്ലോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരുന്നു ഇതിന്റെ വിക്ഷേപണം. സൗരക്കാറ്റുകള്‍ അടക്കമുള്ള സൂര്യന്റെ രഹസ്യങ്ങളെ കുറിച്ച് പഠിക്കാനാണ് സോളാര്‍ പ്രോബിനെ നാസ അയച്ചത്.