ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി
ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടത് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. പരമ്പരയില്‍ 2-1ന് മുന്നിലെത്തിയതോടെ ഓസീസ് ഫൈനലിന് ഒരുപടി കൂടി അടുക്കുകയാണ്. ജനുവരിയില്‍ സിഡ്നിയിലാണ് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ അവസാന മത്സരം. അതില്‍ തോല്‍ക്കുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ ഇന്ത്യ പുറത്താവും. ജയിക്കുകയാണെങ്കില്‍ പരമ്പരയില്‍ 2-2ന് ഒപ്പമെത്താന്‍ ഇന്ത്യക്കാവും. അപ്പോഴും ഫൈനലിലെത്തുക എളുപ്പമുള്ള കാര്യമാവില്ല ഇന്ത്യക്ക്. മാത്രമല്ല, ഓസ്ട്രേലിയ വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്ന രണ്ട് ടെസ്റ്റുകളും ജയിക്കാനും പാടില്ല.
18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ പോയിന്റ്, മെല്‍ബണിലെ തോല്‍വിയോടെ 52.78 ആയി കുറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കും പിറകല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
ഈ പരമ്പര 3-1ന് സ്വന്തമാക്കിയിരുന്നെങ്കില് ഇന്ത്യക്ക് കലാശപ്പോരിന് ഇറങ്ങാമായിരുന്നു. 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താനുള്ള വഴികളുണ്ടായിരുന്നു. ഇനി അതിനുള്ള സാധ്യതകൾ കടലാസ്സിൽ മാത്രമാണ്.