ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന് ചെയര്മാന്
ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും ഒരു മലയാളി. ഐ.എസ്.ആര്.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്പേസ് കമ്മീഷന് ചെയര്മാന് ചുമതലയും നാരായണനായിരിക്കും. കൂടാതെ സ്പേസ് കമ്മിഷന് ചെയര്‍മാന്റെ ചുമതലയും നാരായണന് വഹിക്കും. നിലവിലെ ചെയര്മാന് എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാഗര്‍കോവില്‍ സ്വദേശിയായ നാരായണൻ പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്.
വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്പിഎസ്സിയുടെ ടെക്നോ മാനേജിരിയല്‍ ഡയറക്ടറാണ് അദ്ദേഹം. റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന് 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.
1989-ല്‍ ഐഐടി-ഖരഗ്പൂരില്‍ ഒന്നാം റാങ്കോടെ ക്രയോജനിക് എഞ്ചിനീയറിംഗില്‍ എംടെക് പൂര്‍ത്തിയാക്കി, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഏരിയയില്‍ ചേര്‍ന്നു. നിലവില്‍ എല്പിഎസ്സി-ഐപിആര്‍സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും പ്രോഗ്രാം മാനേജ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമാണ് വി നാരായണൻ.