കോട്ടയം നഗരത്തിൽ ഭിക്ഷാടനം; നാല് കുട്ടികളെ രക്ഷപ്പെടുത്തി
കോട്ടയത്ത് ഭിക്ഷാടനം നടത്തുകയായിരുന്ന നാല് കുട്ടികളെ രക്ഷപ്പെടുത്തി. കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തും, ഹോട്ടലിനു മുൻപിലും, സമീപത്തെ റോഡുകളിലും ഭിക്ഷാടനം നടത്തുന്നതിനിടെയാണ് മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട് വയസ് പ്രായമുള്ള നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളാണ് കുട്ടികൾ സംസാരിക്കുന്നത്.
കുട്ടികളുടെ സമീപം മുതിർന്നവരും ഉണ്ടായിരുന്നുവെങ്കിലും ഇവർ രക്ഷിതാക്കളാണോ എന്നതിൽ വ്യക്തതയില്ല. ഓണ ദിവസങ്ങളിൽ സംഘം ട്രെയിനിൽ കോട്ടയത്തെത്തിയതായാണ് വിവരം. കുട്ടികൾ ഭിക്ഷ യാചിക്കുന്നതിനു വേണ്ടി അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുകയും വാഹനങ്ങളുടെ മുന്നിലേക്ക് പോകുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ചൈൽഡ് ലൈനിൽ പരാതി എത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
കുട്ടികളുടെ പേര്, പ്രായം, സ്വദേശം, മേൽവിലാസം തുടങ്ങി യാതൊരു വിവരങ്ങളും ഇവരിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കുട്ടികളെ കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തിൽ താൽക്കാലികമായി പരിപാലിക്കും. കുട്ടികളുടെ മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഒപ്പമുള്ളവർ എത്തിയാൽ കുട്ടികളെ വിട്ടുനൽകാനാണ് നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം.
content highlights – children, begging, kottayam