പഴയ പത്രങ്ങളുടെ വില കുതിച്ചുയരുന്നു
പഴയ പത്രങ്ങൾ സാധനങ്ങൾ പൊതിയാനും തീ കത്തിക്കാനും എടുക്കുന്നതിനു മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. വിൽക്കുമ്പോൾ അഞ്ചോ പത്തോ രൂപ കഷ്ടിച്ച് കിട്ടിയിരുന്ന പത്രങ്ങൾക്ക് ഇപ്പോൾ മൂന്നിരട്ടി ഡിമാന്റാണുള്ളത്. ഒരു കിലോ പത്രത്തിന് 30 മുതല്‍ 33 രൂപ വരെയാണ് ലഭ്യമാകുന്നത്.
പേപ്പർ വ്യവസായത്തിന് ആഗോള തലത്തിൽ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പഴയ പത്രങ്ങളുടെ വില കുതിച്ചുയരുന്നത്. സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനവും ശ്രീലങ്കയിലെ ആഭ്യന്തര കലഹവും റഷ്യ-യുക്രെയ്ന് സംഘർഷം എന്നീ അന്താരാഷ്ട്ര പ്രശ്നങ്ങളും പത്രങ്ങളുടെ ആവശ്യകതയുയര്‍ത്തി. കോവിഡിന് മുമ്പേ 10 മുതല്‍ 13 രൂപ വരെയായിരുന്നു പഴയ പത്രങ്ങൾ വില്ക്കുമ്പോള് ലഭിച്ചിരുന്ന തുക. അതെ സമയം രാജ്യത്ത് നിന്നുള്ള കടലാസിന്റ കയറ്റുമതി 13,963 കോടിയെന്ന സര്‍വ്വകാല റെക്കോർഡിൽ എത്തിയെന്നാണ് കൊമേര്‍ഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ജനറലിന്റെ കണക്കുകള്‍ പറയുന്നത്.
ഇന്ത്യയിൽ പേപ്പര്‍ കയറ്റുമതിയുടെ 90 ശതമാനവും പോകുന്നത് ചൈന, ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ്. പേപ്പർ, കാര്‍ട്ടണ്‍ ബോക്സ്, ക്രാഫ്റ്റ് പേപ്പറുകള്‍ എന്നിവയുടെ ആവശ്യം ഉയരുന്ന സാഹചര്യമാണുള്ളത്. അതിനാൽ പഴയ പത്രങ്ങളുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ പേപ്പർ മാനുഫാക്ക്ചേഴ്സ് അസോസിയേഷന്റെ അനുമാനം.
Content highlights – Prices of old newspapers increasing