കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; തലയ്ക്ക് പരിക്കേറ്റ 12 വയസ്സുള്ള പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി
കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരിക്കേറ്റു. കോട്ടയം പാമ്പാടി സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. വൈകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കോട്ടയത്തേക്ക് പോകുംവഴി എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം.
മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്നു കീർത്തന. S10 കോച്ചിൽ 49 ാം നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിലിരുന്ന് പുറംകാഴ്ചകൾ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു കല്ലേറ്. കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തലപൊട്ടി ചോരവരുന്നതായി കണ്ടത്. ഉടൻ തന്നെ റെയിൽവേ ജീവനക്കാർ എത്തുകയും ട്രെയിൻ നിർത്തുകയും ചെയ്തു. ഇതിനിടയിൽ ട്രെയിനിൽ വെച്ചുതന്നെ യാത്രക്കാരനായ ഒരു ഡോക്ടർ കുട്ടിയുടെ തലയിൽ മരുന്ന് വെച്ച് കെട്ടി. പിന്നീട് തലശ്ശേരിയിൽ എത്തിയപ്പോൾ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കുട്ടിയെ മിഷന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ട്രെയിനിന് നേരെ കല്ലെറിയുന്നത് ഇപ്പോൾ പതിവായി ഇരിക്കുകയാണെന്നും നേരത്തെ ഉള്ളാൾ സ്റ്റേഷന് സമീപത്ത് വെച്ച് കല്ലെറിഞ്ഞ സ്കൂൾ വിദ്യാർത്ഥികളെ പിടികൂടിയിട്ടുള്ളതായും അധികൃതർ അറിയിച്ചു. ട്രാക്കിൽ കല്ല് നിരത്തിയതിനെ തുടര്‍ന്ന് നാലാഴ്ചയ്ക്കിടെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
content highlights – Stones pelted at train, 12-year-old girl with head injuries