ലൈംഗികാതിക്രമക്കേസുകളിലെ”രണ്ടുവിരൽ“ പരിശോധനയെന്ന ദുരാചാരം അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ലൈംഗികാതിക്രമക്കേസുകളിലെ അതിജീവിതരെ “രണ്ടുവിരൽ“ പരിശോധനയ്ക്ക് (Two-Finger Test On Rape Victims) വിധേയമാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി (Madras Highcourt). ഈ ‘ദുരാചാരം’ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ്, മാനസികവും ശാരീരികവുമായ ആർജ്ജവം എന്നീ അവകാശങ്ങളെ ലംഘിക്കുന്ന പരിശോധന ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയും പല ഹൈക്കോടതികളും പറഞ്ഞിട്ടും ഇപ്പോഴും ലൈംഗിക കുറ്റകൃത്യങ്ങളിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടവയിൽ ഈ പരിശോധന ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ലില്ലു vs സ്റ്റേറ്റ് ഓഫ് ഹരിയാണ (Lillu @ Rajesh & Anr vs State Of Haryana) കേസിൽ സുപ്രീം കോടതിയും സ്റ്റേറ്റ് ഓഫ് ഗുജറാത്ത് vs രമേഷ്ചന്ദ്ര രമാഭായ് പട്ടേൽ (State of Gujarat vs. Rameshchandra Ramabhai Panchal) കേസിൽ ഗുജറാത്ത് ഹൈക്കോടതിയും രണ്ടുവിരൽ പരിശോധനയിലെ മനുഷ്യാവകാശലംഘനവും അതിൻ്റെ നിഗമനത്തിലെ അശാസ്ത്രീയതയും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി പരാമർശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു പരിശോധന ചർച്ചാവിഷയമായത്. 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈയ്ക്കടുത്തുള്ള പെരമ്പൂരിൽ ടൈലർ ഷോപ്പുടമ 16 വയസുള്ള പെൺകുട്ടിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തി എന്നതായിരുന്നു കേസ്. കേസിലെ പ്രതിയായ രാജീവ് ഗാന്ധി എന്നയാളെ സെഷൻസ് കോടതി ഏഴുവർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതി നൽകിയ ഹർജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് രണ്ടുവിരൽ പരിശോധന നിരോധിക്കണമെന്നാവശ്യപ്പെട്ടത്.
Content Highlight: Madras High Court Directs State to Ban Two-Finger Test On Rape Victims Forthwith