അമേരിക്കയുടെ ജെറാൾഡ് ആർ ഫോർഡ് എത്തുന്നത് ആക്രമണത്തിന് ഒരുങ്ങി തന്നെ?? അമേരിക്കയും ഇസ്രയേലും ഒരുമിച്ച് വന്നാലും ഇറാൻ പെട്ടെന്ന് വീഴില്ലെന്ന് വിദഗ്ധരുടെ റിപ്പോർട്ട്
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഈ മേഖലയിൽ വന്ന് തമ്പടിച്ച യുഎസ്എസ് എബ്രഹാം ലിങ്കണുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജെറാൾഡ് ആർ ഫോർഡിന്റെ യാത്ര. ചർച്ചകളിൽ ഇറാനെ ഭയപ്പെടുത്തി, തങ്ങളുടെ വരുതിയിലാക്കാനുള്ള സമ്മർദ്ദ തന്ത്രമായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും ജെറാൾഡ് ആർ ഫോർഡിന്റെ വരവ് അത്ര സുഖകരമായ കാര്യമല്ല എന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ ലോകത്തെ തന്നെ ഞെട്ടിച്ച നടപടിയാണ് വെനസ്വേലയിൽ അമേരിക്ക നടത്തിയത്. ഒരു പരമാധികാര രാഷ്ട്രത്തിൽ ആക്രമിച്ച് കടന്നുകയറി അതിന്റെ ഭരണാധികാരിയെ പാതിരാത്രി ബന്ധിയാക്കി കടത്തിക്കൊണ്ടു പോവുക എന്ന അസാധാരണമായ, ഒരു രാഷ്ട്രവും ചെയ്യാൻ പാടില്ലാത്ത അനീതിയാണ് അമേരിക്ക നടപ്പിൽ വരുത്തിയത്.
2026 ജനുവരി മൂന്നിനാണ് ലോകത്തെ ഞെട്ടിച്ച ”ഓപ്പറേഷൻ ആബ്സല്യൂട്ട് റിസോൾവ്” എന്ന ആ സൈനിക നീക്കമുണ്ടായത്. അന്ന് അമേരിക്കൻ സൈന്യത്തെ പിന്തുണക്കാനായി എത്തിയ വിമാനവാഹിനിയാണ് ജെറാൾഡ് ആർ ഫോർഡ്. ലോകത്തിലേറ്റവും വലിയ വിമാനവാഹിനികളിലൊന്നാണ് ഇത്. ആണവ ചർച്ചയിൽ വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്ന പശ്ചാത്തലത്തിൽ, ഈ കപ്പലിന്റെ വരവ് ഒരു പടയൊരുക്കം തന്നെയാണ്.
ഒരു മാസത്തിനുള്ളിൽ ഇറാനുമായി കരാറിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാൻ വളരെ വേദനാജനകമായ പ്രതികരണം നേരിടേണ്ടിവരുമെന്നും ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ 38-ാം പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ പേരിൽ അറിയപ്പെടുന്ന ഈ യുദ്ധക്കപ്പലിന് ഏകദേശം 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങൾ വരെ വഹിക്കാൻ കഴിയും
വേണ്ടിവന്നാൽ ഒരു സൈനിക നടപടിക്ക് ഞങ്ങൾ തയ്യാറാണെന്ന് ഇറാന് മുന്നറിയിപ്പ് നൽകുകയാണ് അമേരിക്ക. എന്നാൽ ഇറാൻ എന്ന രാജ്യത്തെ കീഴടക്കുക എന്നത് അമേരിക്കയ്ക്ക് അത്ര എളുപ്പമായിരിക്കില്ല എന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കക്ക് ഒപ്പം ഇസ്രയേലും ചേർന്നാലും കടുത്ത സൈനിക നടപടിയാകും ഇരുരാജ്യങ്ങളും നേരിടേണ്ടി വരുന്നത്.
വര്‍ഷങ്ങളായി നില നിൽക്കുന്ന ഉപരോധങ്ങളും 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിൽ വ്യോമസേനയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഏറ്റ തിരിച്ചടിയും ഇറാനെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സഖ്യകക്ഷികൾ ദുർബലമായതും സിറിയൻ ഭരണാധികാരി ബഷാർ അൽ അസദ് രാജ്യം വിട്ടതും ഇറാന് തിരിച്ചടിയാണ്. എന്നാൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇറാന്റെ പക്കലുള്ള മിസൈൽ ശേഖരവും അമേരിക്കയെ ചേര്‍ത്ത് നിൽക്കാൻ അവർക്ക് സഹായകമാകും.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണ്. യുദ്ധമുണ്ടായാൽ ഈ പാത അടച്ചുപൂട്ടുമെന്ന് ഇറാൻ ഭീഷണി മുഴക്കുന്നു, ഇത് ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മിസൈൽ ശേഖരം ഇറാന്റെ പക്കലുണ്ട്. ഫത്താ 1, ഫത്താ 2 തുടങ്ങിയ ഹൈപ്പർസോണിക് മിസൈലുകളും, രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഇസ്രായേലിനെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും തകർക്കാൻ ശേഷിയുള്ളവയാണ്. ചെറിയ വേഗതയേറിയ ബോട്ടുകളും, മൈനുകളും, 27 അന്തർവാഹിനികളും ഉപയോഗിച്ച് വമ്പൻ യുദ്ധക്കപ്പലുകളെ നേരിടാൻ ഇറാന് സാധിക്കും.
ഇറാനിലെ സൈനിക ഇടപെടൽ മറ്റൊരു ‘ഇറാഖ് യുദ്ധം’ പോലെ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടവും നാശനഷ്ടങ്ങളും വരുത്തിവെക്കുമെന്ന് വിദഗ്ദർ പറയുന്നു. ചുരുക്കത്തിൽ, ഇറാന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെങ്കിലും അവരുടെ സൈനിക പ്രതിരോധ ശേഷി ഇപ്പോഴും അമേരിക്ക-ഇസ്രായേൽ സഖ്യത്തിന് വലിയ ഭീഷണിയായി തന്നെ നില നിൽക്കുന്നുണ്ട്.












