ഗാസയ്ക്ക് മേൽ യുദ്ധം കടുപ്പിച്ചു ഇസ്രായേൽ, ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗാസയിലെ നാസർ ആശുപത്രി ഇസ്രയേൽ സൈന്യം ആക്രമിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. ഒരു ഡിപ്പാർട്ട്മെന്റ് മുഴുവൻ ഒഴിപ്പിക്കേണ്ടി വന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഞായറാഴ്ച രാത്രിയാണ് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം നേരത്തെ നടന്ന ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാസയിലെ അൽ-മവാസിയിലെ ഒരു ടെന്റിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാഹ് അൽ-ബർദാവിലിനെ കൊലപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെടുന്നത്.
അതേസമയം ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചടക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ ഉത്തരവ്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചടക്കാൻ സൈന്യത്തിനു നിർദേശം നൽകിയിട്ടുണ്ട് .
ഹമാസ് എത്രത്തോളം ഇസ്രയേലികളെ ബന്ദികളാക്കുന്നോ അത്രത്തോളം കൂടുതൽ അവർക്ക്പ്രദേശങ്ങൾ നഷ്ടമാകും. ഇസ്രയേൽ ആ പ്രദേശങ്ങളെല്ലാം കീഴടക്കും. ഇസ്രയേലികളെയും സൈന്യത്തെയും സംരക്ഷിക്കുന്നതിനായി ഗാസയ്ക്ക് ചുറ്റുമുള്ള ബഫർ സോണുകൾ വികസിപ്പിക്കുമെന്നും ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘിച്ച് ചൊവ്വാഴ്ച മുതലാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇതുവരെ 600ലധികം പേർ ഗാസയിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം 130 പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് പരാജയം സമ്മതിക്കുന്നതുവരെ ആക്രമണം തുടരുമെന്നും ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം, ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ ബലമായി കുടിയിറക്കുന്നതിനായി ഒരു സർക്കാർ ഏജൻസി രൂപീകരിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ജോർദാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ 13 പുതിയ അനധികൃത വാസസ്ഥലങ്ങൾക്ക് അംഗീകാരം നൽകാൻ ഇസ്രയേലി സുരക്ഷാ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ നീക്കം എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ഗാസയിലെ റഫയിൽ ആക്രമണം നടക്കുകയാണെന്നും സൈന്യം ബെയ്ത്ത് ലാഹിയ പട്ടണത്തിന്റെ വടക്കുവശത്തേക്ക് നീങ്ങുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതുവരെ അറുന്നൂറോളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം .അതിനിടെ ഗസ്സ പൂർണമായും പിടിച്ചെടുത്ത് സൈനികഭരണം ഏർപ്പെടുത്താൻ ഇസ്രായേൽ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ .
സഹായ വിതരണം ഉൾപ്പെടെ ഏറ്റെടുക്കും. പദ്ധതി ട്രംപ് ഭരണകൂടവുമായി ചർച്ച ചെയ്യാൻ ഇസ്രായേൽ സംഘം യുഎസിലേക്ക് പോകും. ഈ ആഴ്ച വാഷിംഗ്ടൺ ഡിസി സന്ദർശിക്കുന്ന മന്ത്രി റോൺ ഡെർമർ, ഗസ്സ മുനമ്പിൽ സൈനിക നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതിയെക്കുറിച്ച് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.