ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യത
ശ്രീലങ്ക-ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ഡിത്വ ചുഴലിക്കാറ്റ് രൂപപ്പെടും. തമിഴ്നാട്, ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചു. അതേസമയം മലാക്ക കടലിടുക്കിൽ ഇന്നലെ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ദുർബലമായി തീവ്രന്യൂന മർദമായി മാറി. നവംബർ 25 മുതൽ 30 വരെ തമിഴ്നാട്ടിലും നവംബർ 29 മുതൽ ഡിസംബർ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, റായൽസീമ എന്നിവിടങ്ങളിലും നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.













