യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (Sheikh Khalifa Bin Zayed Al Nahyan) അന്തരിച്ചതായി പ്രസിഡൻഷ്യൽകാര്യമന്ത്രാലയം അറിയിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. 73 വയസ്സായിരുന്നു പ്രായം.
യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു,”ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു.
2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയത്.
പുതുയുഗത്തിലേക്കു യുഎഇയെ നയിക്കുന്നതിന്റെ ഭാഗമായി ഖലീഫ നടപ്പാക്കിയ വനിതാക്ഷേമപ്രവർത്തനങ്ങളും രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടു. അധികാരമേറ്റ ഉടൻ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം നൽകി. ഷെയ്ഖ ലൂബ്ന അൽ ഖാസിമിയാണ് യുഎഇയിലെ ആദ്യ വനിതാ മന്ത്രി. രാജ്യത്തെ പ്രഥമ വനിതാ ജഡ്ജിമാരായി ആലിയ സയിദ് അൽ കഅബിയെയും ആതിഖ അവാദ് അൽ കത്തീരിയെയും 2008 ജനുവരിയിൽ നിയമിച്ചു. സർക്കാരിലെ ഉന്നതപദവികളിൽ സ്ത്രീകൾക്കു 30% പ്രാതിനിധ്യം നൽകി. ബിസിനസ് മേഖലയിലും സ്ത്രീകൾക്കു കൂടുതൽ പരിഗണനയും പ്രോൽസാഹനവുമാണു ഷെയ്ഖ് ഖലീഫ നൽകിയത്. അധികാരമേറ്റ് ഒരുവർഷത്തിനകം, രാജ്യത്തു ജനാധിപത്യവൽക്കരണത്തിനുള്ള നടപടികളും ഷെയ്ഖ് ഖലീഫ ആരംഭിച്ചിരുന്നു. യുഎ ഫെഡറൽ നാഷനൽ കൗൺസിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും താഴ്ന്ന വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. വടക്കൻ എമിറേറ്റ്സിന്റെ ആവശ്യങ്ങൾ പഠിക്കുന്നതിനായി യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങൾ നടത്തി, ഈ സമയത്ത് അദ്ദേഹം ഭവന, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. ജനങ്ങളുടെ കാര്യങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച വ്യക്തിയായി ഖ്യാതിനേടിയ ഷെയ്ഖ് ഖലീഫ യുഎഇയിലും മേഖലയിലും പ്രിയപ്പെട്ട നേതാവായിത്തീർന്നു.