മയക്കുമരുന്ന് പിടിക്കാൻ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലും ബോംബർ വിമാനവും എന്തിന്?? വെനസ്വേലക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറായി അമേരിക്ക ഇറങ്ങി
ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള സംഘർഷം അവസാനിക്കുന്നില്ല എന്ന് സൂചന നൽകിക്കൊണ്ട് കരീബിയൻ കടലിൽ യുദ്ധക്കപ്പൽ വ്യൂഹം വിന്യസിക്കാൻ ഉത്തരവിട്ട് പെന്റഗൺ. ലാറ്റിനമേരിക്കയിലെ മയക്കുമരുന്നു കടത്തുസംഘങ്ങളെ നേരിടാണ് വേണ്ടിയാണ് ഇതെന്ന് പറയുന്നുണ്ട്.
എന്നാൽ, അമേരിക്ക ഒരു യുദ്ധം തുടങ്ങാനുള്ള വരവാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ ആരോപിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിന്റെ നേതൃത്വത്തിൽ എട്ടു നാവിക സേന ക്കപ്പലുകളാണ് പെന്റഗൺ വിന്യസിക്കുന്നത്. മഡുറോയെ പ്രസിഡന്റു സ്ഥാനത്തുനിന്ന് പുറത്താക്കുക എന്നതാണ് അമേരിക്ക ഇതിലൂടെ ഉന്നം വെക്കുന്നതെന്ന് വെനസ്വേല ഭയപ്പെടുന്നുണ്ട്.
ട്രംപ് സർക്കാർ അടുത്ത ‘നിതാന്തയുദ്ധത്തിന്’ കോപ്പുകൂട്ടുകയാണെന്ന് മഡുറോ ആരോപിച്ചു. “ഇനിയൊരു യുദ്ധത്തിൽ ഏർപ്പെടില്ലെന്നാണ് അവരുടെ വാഗ്ദാനം. എന്നാൽ, അവർ ഒരു യുദ്ധം പടച്ചുണ്ടാക്കുകയാണ്. നാം അതിനെ ചെറുക്കാനും പോവുകയാണ്” -എന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കയിലെ മാഫിയകൾ ബോട്ടുകളിൽ മയക്കുമരുന്നുകടത്തുന്നു എന്ന് ആരോപിച്ച് സെപ്റ്റംബർമുതൽ കരീബിയൻ കടലിൽ ആക്രമണം നടത്തുകയാണ് അമേരിക്ക. ഇതിനകം 10 ബോട്ടുകൾ അവർ തകർത്തു. ഈ ആക്രമണങ്ങളിൽ 43 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ചരാത്രിയും കരീബിയൻ കടലിൽ ബോട്ട് ആക്രമിച്ച് അമേരിക്ക ആറുപേരെ കൊന്നിട്ടുണ്ട്. വെനസ്വേലൻ മയക്കുമരുന്നു മാഫിയാസംഘമായ ട്രെൻ ഡി ആരഗ്വയുടെ ബോട്ടാണ് തകർത്തതെന്ന് യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആരോപിച്ചു.
ഇതിനുപിന്നാലെയാണ് കരീബിയനിൽ കപ്പൽവ്യൂഹം വിന്യസിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. മയക്കുമരുന്നുകടത്തുകാരെ ഭീകരസംഘടനയായ അൽ ഖായിദയെ പോലെ തന്നെ കൈകാര്യംചെയ്യുമെന്നും രാവുംപകലും പുറകേനടന്ന് വേട്ടയാടുമെന്നും ഹെഗ്സെത്ത് ‘എക്സി’ൽ കുറിച്ചു.
മയക്കുമരുന്നുകടത്തിലുള്ള പങ്കിന്റെപേരിൽ വെനസ്വേലയ്ക്കോ മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കോ നേരേ യുദ്ധം പ്രഖ്യാപിക്കാൻ കോൺഗ്രസിന്റെ അനുമതി തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് വ്യാഴാഴ്ച പറയുകയും ചെയ്തിരുന്നു.
മയക്കുമരുന്നുവേട്ടയുടെപേരിൽ ട്രംപ് കൊലനടത്തുകയാണ് എന്നു കുറ്റപ്പെടുത്തിയ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കും ഭാര്യക്കും മകനും അമേരിക്ക ഉപരോധമേർപ്പെടുത്തിയിരുന്നു. ഇത് കൂടാതെ ലാറ്റിനമേരിക്കയിലെ പ്രബലരായ ബ്രസീലിന് നേരെയും ഉപരോധമേർപ്പെടുത്താൻ ട്രംപ് സർക്കാർ ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അട്ടിമറിക്കാന്‍ സിഐഎ യെ നിയോഗിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കരീബിയൻ തീരത്തേക്ക് പുറപ്പെട്ടത്. ഇതിന്റെ കൂടെ എട്ടു നാവിക സേനക്കപ്പലുകളാണ് പെന്റഗൺ വിന്യസിക്കുന്നത്. ഇവയ്ക്കൊപ്പം 10 എഫ് – 45 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുമുണ്ട്.
കഴിഞ്ഞ ദിവസം, അമേരിക്കയുടെ ബി വൺ ലാൻസർ ബോംബർ സൂപ്പർസോണിക് വിമാനം വെനസ്വേലന്‍ തീരത്ത് പരിശീലന പറക്കൽ നടത്തിയിരുന്നു. അമരിക്കയുടെ കൈവശമുള്ളതിൽ ഏറ്റവും കൂടുതൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ബി വൺ ലാൻസർ.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ അമേരിക്കയുടെ യുഎസ്എസ് ജെറാൾഡ് 20 കൊല്ലം വരെ ഇന്ധനം നിറയ്ക്കാതെ സഞ്ചരിക്കാൻ സാധിക്കുന്ന കപ്പലാണ്. 1200 അടി നീളമുള്ള ഈ പടക്കപ്പലിൽ അനേകം വിമാനങ്ങൾക്ക് നിമിഷനേരം കൊണ്ട് പറന്നുയരാൻ സാധിക്കും. 12.9 ബില്യൺ ഡോളർ മുടക്കിയാണ് ഈ പടക്കപ്പൽ അമേരിക്ക പണിതിറക്കിയത്.
വെറുതെ കള്ളക്കടത്ത് തടയാനോ മയക്കുമരുന്ന് പിടിക്കാനോ വേണ്ടി ഈ യുദ്ധക്കപ്പൽ അമേരിക്ക അയക്കില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് വെനസ്വേലയിലെ ജനങ്ങളോട് ഒരു യുദ്ധത്തിന് തയ്യാറായി ഇരിക്കാൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ ആവശ്യപ്പെട്ടതും.










