“പിണറായിക്ക് ബിലീവേഴ്സ് ചര്‍ച്ചുമായുള്ള ബന്ധം ഗൗരവമുള്ളത്; നികേഷ് ബ്ലാക്ക് മെയിലിംഗുകാരൻ”: ആരോപണങ്ങളുമായി കെ സുരേന്ദ്രൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയില്‍ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്സ് ചര്‍ച്ചാണ് എന്നുമുളള ഷാജ് കിരണിൻ്റെ ശബ്ദരേഖയിലെ വിവരങ്ങൾ ഗൗരവമുള്ളതാണെന്നും സത്യം പുറത്തു വരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. നികേഷ് ബ്ലാക്ക് മെയിലിംഗ് കാരനാണെന്നും ഇപ്പോള്‍ അഭിനയിക്കുകയാണ് നികേഷെന്നും സുരേന്ദ്രന് ആരോപിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സര്‍ക്കാര്‍ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഹൈക്കോടതി പറഞ്ഞ ശബരിമലയിലെ 500 ഏക്കര്‍ സ്ഥലം, സര്‍ക്കാര്‍ ഭൂമിയല്ലാതാക്കി മാറ്റുകയും സ്വകാര്യ ഭൂമിയാക്കി ചിത്രീകരിക്കുകയും ചെയ്തെന്നും സുരേന്ദ്രൻ ആരോപിച്ചു.
തുടര്‍ന്ന് അവരുടെ കൈയില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് അവര്‍ക്ക് പണം കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്നും റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറി ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുള്ളതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഇടനിലക്കാരനായ ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ആളാണെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. സാഹചര്യ തെളിവുകള്‍ അത് സത്യമാണെന്നാണ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഒരു കേസിലും കാണിക്കാത്ത ആവേശമാണ് സ്വപ്ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കാണിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കേസില്‍ ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചത്. ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്. എന്നാല്‍ അജിത് കുമാറിനെ മാറ്റിയതോടെ ഓഡിയോ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Content Highlight: K Surendran against CPI(M) in Gold smuggling row