ഫെയിസ്ബുക്കില് ആത്മഹത്യാക്കുറിപ്പ്; ആറ്റിങ്ങലില്‍ അച്ഛനും മകനും മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന
ആറ്റിങ്ങലില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ച സംഭവം ആത്മത്യയെന്ന് സൂചന. ആറ്റിങ്ങല്‍ മാമത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മണികണ്ഠേശ്വരം സ്വദേശികളായ പ്രകാശ് ദേവരാജന്‍ (50), മകന് ശിവദേവ് (12) എന്നിവരാണ് മരിച്ചത്. അപകടത്തിന് മുന്‍പായി പ്രകാശിന്റെ ഫെയിസ്ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് സംശയത്തിന് കാരണം.
രണ്ടു പേരുടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു എന്ന് പോസ്റ്റില്‍ പറയുന്നു. രാത്രി 10.59ഓടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അപകടത്തില്‍ പെട്ട കാറില്‍ നിന്ന് ഒരു കുറിപ്പും കണ്ടെടുത്തിരുന്നു. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കരുതുന്നു.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് മാമത്ത് അപകടമുണ്ടായത്. ആറ്റിങ്ങല്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറോടിച്ചിരുന്ന പ്രകാശ് ദേവരാജന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശിവദേവും മരിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ശിവദേവിനെ പുറത്തെടുത്തത്.
Content Highlights: Attingal Accident, Suicide, Prakash Devaraj, Prakash Devarajan