സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു; അഞ്ചുമുതൽ പത്ത് ശതമാനം വരെ വർധന
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് 15 പൈസ മുതൽ 50 പൈസവരെ വർധനവുണ്ടാകും. ചില വിഭാഗങ്ങൾക്ക് വൈദ്യുതി ചാർജിൽ ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ വർധിപ്പിക്കണമെന്നായിരുന്നു റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ വൈദ്യുതി ബോർഡ് ശുപാർശ ചെയ്തത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന് ഇതു തള്ളുകയായിരുന്നു. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ നടപടി. സമര്‍പ്പിച്ച കണക്കുകളില്‍ കാണിച്ചിരിക്കുന്ന അത്രയും നഷ്ടം ബോര്‍ഡിനുണ്ടാകില്ലെന്നും കമ്മിഷന് കണ്ടെത്തി.
കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന് പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന് നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകും നിരക്ക് വർധന നടപ്പാക്കുക.