പോലീസ് കോണ്‍ഗ്രസിന്റെ പണിയാണ് എടുക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടി വരും; പ്രകോപന പോസ്റ്റുമായി അവിഷിത്ത്
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രകോപന പോസ്റ്റുമായി എസ്എഫ്ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റും ആരോഗ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫുമായ അവിഷിത്ത്. ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍, കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ അവിഷിത്ത് പറഞ്ഞു.
ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്ഐയുടെ കൂടി വിഷയമാണ് എന്ന് ബഫര്‍ സോണ്‍ വിഷയത്തില്‍ അവിഷിത്ത് വിശദീകരിക്കുന്നു.സമരത്തില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ. വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലമെന്നും അവിഷിത്ത് പറയുന്നു.
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് അവിഷിത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇയാള്‍ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നേരത്തേ പുറത്തു പോയിരുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
Content Highlights: Wayanad, SFI, Rahul Gandhi, Avishith