ബറോസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു; അവസാന ഷെഡ്യൂള്‍ തായ്ലന്ഡില് ആരംഭിച്ചു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. തായ്ലന്ഡില് നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. കേരളത്തിൽ നിന്നുള്ള ചിത്രീകരണം രണ്ട് ദിവസം മുൻപാണ് അവസാനിച്ചത്.
മരക്കാര്‍ സിനിമയിലെ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് ആണ് ബറോസിന്റെ ചിത്രീകരണത്തിനായി തായ്ലന്ഡില് എത്തി എന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ജാകൃത് ആദ്യമായി ആക്ഷന്‍ ഡിസൈനര്‍ ആയ സിനിമ കൂടിയായിരുന്നു മരക്കാര്‍. അതിനുള്ള അവസരം നല്കിയ മോഹന്‍ലാലിന് നന്ദി അറിയിച്ചു കൊണ്ടാണ് ജാകൃത് മോഹന്‍ലാലിനും മകള്‍ വിസ്മയക്കും രാജീവ് കുമാറിനും ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ബറോസിന്റെ പൂജ 2021 മാര്‍ച്ച് 24 നായിരുന്നു നടന്നത്. തുടർന്ന് മാര്‍ച്ച് 29 നാണ് ഷൂട്ടിംഗ് ആരംഭിച്ചത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ബറോസിന്റെ ഷൂട്ടിംഗും നിര്‍ത്തിവയ്ക്കേണ്ടിവന്നു. പിന്നീട് 2021 ഡിസംബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.
ബറോസിലെ ഒരു ഗാനരംഗം മാത്രമാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളതെന്ന് നേരത്തെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് അറിയിച്ചിരുന്നു. അതിന്റെ ചിത്രീകരണത്തിനാണ് തായ്ലന്ഡില് എത്തിയെന്നും അദ്ദേഹം പറഞ്ഞു.