ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി
നടന് ഷമ്മി തിലകനെ താര സംഘടന അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടി. കളമശ്ശേരിയില്‍ നടക്കുന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ഷമ്മിക്കെതിരെ നടപടിയെടുത്തത്. അമ്മ ഭാരവാഹികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഷമ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അച്ചടക്ക സമിതിക്ക് ഷമ്മി തിലകന് വിശദീകരണം നല്‍കിയിരുന്നില്ല. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ ഫോണ്ില് പകര്‍ത്തിയെന്ന ആരോപണത്തിലാണ് അച്ചടക്ക സമിതി ഷമ്മി തിലകനോട് വിശദീകരണം ചോദിച്ചത്.
വിജയ് ബാബു വിഷയത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഷമ്മി തിലകനെതിരായ അച്ചടക്ക നടപടിയെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. തന്നെക്കുറിച്ചുള്ള പരാമര്‍ശം വാര്‍ത്താക്കുറിപ്പില്‍ നിന്ന് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഷമ്മി തിലകന് ഇതോടെ രംഗത്തെത്തി. അടുത്ത ദിവസം ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ഷമ്മിയുടെ ഫെയിസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെട്ടു. അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരാകണമെന്ന് കാട്ടി ഷമ്മിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.
ബലാല്‍സംഗക്കേസില്‍ പ്രതിയായ വിജയ് ബാബു അമ്മ എക്സിക്യൂട്ടീവില്‍ നിന്ന് രാജിവെച്ചുവെന്ന് അറിയിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ തന്റെ പേര് പരാമര്‍ശിച്ചതാണ് ഷമ്മി തിലകനെ പ്രകോപിതനാക്കിയത്. പൊതുജനത്തിനു മുന്നില്‍ തന്നെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ഇടവേള ബാബുവിന്റെ ലക്ഷ്യമെന്നും ഷമ്മി പ്രതികരിച്ചിരുന്നു. ഷമ്മിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടതില്ലെന്ന് മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ സംഘടനയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു.