സിറോമലബാർ സഭ ഭൂമി ഇടപാട് കേസ്: കർദ്ദിനാൾ ആലഞ്ചേരിക്ക് ഉടൻ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി
സിറോമലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാ൪ ജോർജ് ആലഞ്ചേരി കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ നേരിട്ട് വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഈ വെള്ളിയാഴ്ച ക൪ദ്ദിനാളിനോട് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു.
നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ കർദ്ദിനാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ ഇളവ് നൽകണം എന്നുമായിരുന്നു ആവശ്യം. മെയ് 16നും നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കർദ്ദിനാൾ എത്തിയിരുന്നില്ല .
ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. അതുവരെ മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നൽകിയിരിക്കുന്നത്.
നേരത്തെ സഭ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെതിരെ കാക്കനാട് കോടതി രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്നും, കർദ്ദിനാൾ ഉൾപ്പടെ ഉള്ളവർ വിചാരണ നേരിടണമെന്ന് എറണാകുളം സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതിയും ശരി വെച്ചിരുന്നു.