രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങളുമായി ഓട്ടോറിക്ഷയിൽ കറങ്ങി; 34കാരൻ അറസ്റ്റിൽ
സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ഓട്ടോറിക്ഷയിൽ നഗരത്തിൽ കറങ്ങിയ 34 വയസുകാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിനടിയിൽ വച്ച ശേഷം രാത്രിയിൽ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. കർണാടകയിലെ കാലബുരാഗി ടൗണിലാണ് സംഭവം.
കാലബുരാഗിയിലെ ബാംബൂ ബസാറിലുള്ള ഭോവ്ലി ഗലിയിൽ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് തൻ്റെ പെണ്മക്കളായ സോണി (11)യെയും, മയൂരി(9)യെയും കൊലപ്പെടുത്തിയത്. ലക്ഷ്മി കാന്തിൻ്റെയും ഭാര്യ അഞ്ജലിയുടേതും പ്രേമവിവാഹമായിരുന്നു. ഇവർക്ക് നാലുകുട്ടികളും ഉണ്ടായിരുന്നു. എന്നാൽ നാല് മാസങ്ങൾക്കു മുൻപ് അഞ്ജലി തൻ്റെ കാമുകനൊപ്പം ഒളിച്ചോടിപ്പോയി. ഇതേത്തുടർന്ന് കടുത്ത വിഷാദത്തിലായിരുന്ന ലക്ഷ്മി കാന്ത് മദ്യത്തിന് അടിമയാകുകയും ചെയ്തു.
അഞ്ജലി പോയതിന് ശേഷം അമ്മൂമ്മയ്ക്കൊപ്പമായിരുന്നു നാലു കുട്ടികളും താമസിച്ചിരുന്നത്. ചൊവ്വാഴ്ച അവിടെയെത്തിയ ലക്ഷ്മി കാന്ത് മൂത്ത രണ്ടുകുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇവരെ എം ബി നഗർ പൊലീസ് സ്റ്റേഷനടുത്തുള്ള ഒരു പാർക്കിലേയ്ക്ക് കൊണ്ടുപോയ ശേഷം തൻ്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
വൈകിട്ട് 4.30ഓടെ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ലക്ഷ്മികാന്ത് ഇവരെയും കൊണ്ട് ഓട്ടോറിക്ഷയിൽ കറങ്ങി. ഇവരുടെ ശരീരങ്ങൾ സീറ്റിനടിയിൽ ഉള്ളതറിയാതെ നിരവധി യാത്രക്കാർ ഈ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് ഇയാൾ ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
നാല് മക്കളെയും കൊല്ലാനായിരുന്നു ലക്ഷ്മികാന്തിൻ്റെ ശ്രമമെന്ന് പൊലീസ് പറയുന്നു. ഭാര്യക്കൊപ്പം അയച്ചാൽ കുഞ്ഞുങ്ങളുടെ ജീവിതം അപകടത്തിലാവുമെന്ന് ഇയാൾ ഭയന്നു. അതുകൊണ്ടാണ് കുട്ടികളെ കൊന്നുകളയാൻ ഇയാൾ തീരുമാനിച്ചത്. രണ്ട് മക്കളെ കൊന്നതോടെ ഭയന്നുപോയ ഇയാൾ ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.