പി സി ജോർജ് അറസ്റ്റിൽ
സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി. സി ജോർജ് അറസ്റ്റിൽ. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. ഇതെത്തുടർന്ന് മ്യൂസിയം പൊലീസാണ് കേസെടുത്തത്. 354, 54എ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് 2022 ഫെബ്രുവരി 10 നാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർജിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സരിത എസ്. നായരുടെ രഹസ്യമൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്താൻ ജോർജിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല.