പാലക്കാട്ടെ തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം; യുവതി മരിച്ചത് ശസ്ത്രക്രിയക്കിടെ
പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയ്ക്ക് അനസ്തേഷ്യ നല്കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെതായി ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും ഒരു മരണം കൂടി റിപ്പോർട് ചെയ്തത്. അതേസമയം, അമ്മയും കുഞ്ഞും മരിച്ചതിൽ തങ്കം ആശുപത്രിക്ക് വീഴ്ച പറ്റി എന്നാണ് യുജവജന കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടി ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും ഗർഭപാത്രം നീക്കിയതും അമിത രക്തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മീഷന്റെ കണ്ടെത്തൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡ്യൂട്ടയിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണവും നടക്കുന്നു. തുടർച്ചയായി ദിവസങ്ങളിൽ ചികിത്സക്കിടെ മരണം സംഭവിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ആശുപത്രിയോട് വിശദീകരണം ചോദിക്കാനും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
Content Highlights: Death, Treatment , Palakkad Thangam Hospital, woman ,surgery