ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വൈകീട്ട് നാല് മണിക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മലയാളത്തിൽ നിന്ന് മാലിക്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ പട്ടികയിലുണ്ടെന്നാണ് സൂചന.
താനാജി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അജയ് ദേവ്ഗൺ, സുററയ് പോട്രിലെ പ്രകടനത്തിന് സൂര്യ എന്നിവർ മികച്ച നടനുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സുററയ് പോട്രിലെ പ്രകടനത്തിന് അപർണ ബാലമുരളി മികച്ച നടിയായും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജുമേനോൻ മികച്ച സഹനടനായും പരിഗണിക്കപ്പെടുന്നുണ്ട്. അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തെന്നാണ് മറ്റൊരു സൂചന. മലയാള ചിത്രം മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്.
ട്രാൻസ്, മാലിക് എന്നീ ചിത്രങ്ങളിലൂടെ ഫഹദ് ഫാസിലും വെള്ളം, സണ്ണി എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും മികച്ച അഭിനയം കാഴ്ചവെച്ചു എന്നാണ് ജൂറി അംഗങ്ങളിൽ നിന്നുള്ള സൂചന. അവസാനഘട്ടം വരെ ജൂറിക്കിടയിൽ മികച്ച സിനിമ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തർക്കം നിലനിന്നിരുന്നു. സുററയ് പോട്രൂ, താനാജി എന്നീ ചിത്രങ്ങൾ മികച്ച ചിത്രങ്ങളുടെ അവസാന പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
Content Highlights – National Film Awards, New Delhi, 2022