ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
സ്കൂൾ ബസിൽ കയറാൻ അമ്മയുടെ കാറിൽ നിന്നിറങ്ങി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂൾ വിദ്യാർഥിനി അലവിൽ നിച്ചുവയൽ സ്വദേശിനി നന്ദിത പി.കിഷോർ (16) ആണ് മരിച്ചത്. കണ്ണൂരിൽ ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസാണ് നന്ദിതയെ ഇടിച്ചു തെറിപ്പിച്ചത്.
രാവിലെ സ്കൂൾ ബസിൽ കയറാൻ അമ്മ ലിസിക്കൊപ്പം കാറിൽ വന്ന വിദ്യാർത്ഥിനി റെയിൽവേ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. പതിവായി സ്കൂൾ ബസ് എത്തുന്ന സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചുകടന്നുവെങ്കിലും ബാഗ് ട്രെയിനിൽ കുരുങ്ങിയതാണ് അപകടമുണ്ടാക്കിയതെന്നാണ് കരുതുന്നത്. അമ്മയുടെ കൺമുന്നിലായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നന്ദിതയുടെ അച്ഛൻ കിഷോർ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
Content Highlights – Train Hits, Girl Died, Rail Accident