രാഖി ആഘോഷത്തെ ചൊല്ലിയുള്ള വഴക്ക്; യുവതി ഭർത്താവിന്റെ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു
രാഖി ആഘോഷത്തെ ചൊല്ലിയുള്ള കുടുംബവഴക്കിനെ തുടർന്ന് ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി. ബുധനാഴ്ച കൊൽക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നിലാണ് കൊലപാതകം നടന്നത്. മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരിയായ മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇളയ മകൻ ഒളിവിലാണ്. കൂട്ടുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ച കഠാര പൊലീസ് പിടിച്ചെടുത്തു.
കൊല്ലപ്പെട്ട ദേബാഷിസും ഭാര്യയും മകളും വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. രാഖി പൂർണിമ ആഘോഷിക്കുന്നതിനെ ചൊല്ലി ബുധനാഴ്ച രാത്രി 10.30 ഓടെ വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. കക്കൂസിൽ ടാപ്പ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ സ്ഥിതിഗതികൾ വഷളായി. വെള്ളം പാഴായിപ്പോകുന്നത് മൂലം തങ്ങൾക്ക് പലപ്പോഴും ജലക്ഷാമം അനുഭവപ്പെടുന്നതായി അമ്മായിയമ്മയോട് പരാതിപ്പെട്ടു. പ്രശ്നം രൂക്ഷമായതോടെ പല്ലബി ദേഷ്യത്തിൽ കഠാര എടുത്ത് അമ്മായിയമ്മയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവരെയും കുത്തുകയായിരുന്നു. ഇവരുടെ നെഞ്ചിലും കഴുത്തിലും തോളിലും കൈയിലുമാണ് കുത്തേറ്റത്.
Content Highlights – Woman arrested for killing four members of the family