ഏഷ്യൻ ഗെയിംസ് കബഡിയില്‍ ഇന്ത്യക്ക് സുവർണ നേട്ടം; വീഴ്ത്തിയത് ഇറാനെ
വനിതകള്‍ക്ക് പിന്നാലെ ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണം പുരുഷന്മാരും നിലനിര്‍ത്തി. ഫൈനലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇറാനെയാണ് ഇന്ത്യ വീഴ്ത്തിയത്. 39-35 എന്ന സ്കോറിനാണ് ഇന്ത്യയുടെ ജയം. നേരത്തെ വനിതകളും ഇറാനെ തന്നെയാണ് പരാജയപ്പെടുത്തിയത്. ഗെയിംസില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 28ല്‍ എത്തി. 4 സ്വര്‍ണം, 11 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യക്കുള്ളത്.
ആദ്യ പകുതിയില്‍ ഇറാന് കടുത്ത വെല്ലുവിളിയാണ് ഇന്ത്യയ്ക്കുയര്ത്തിയത്. സ്റ്റാര്‍ പ്ലെയര്‍ അര്ജുന് ദേശ്വാളിന്റെ മികവാണ് ആദ്യ പകുതിയില്‍ ഇന്ത്യക്ക് തുണയായത്. റെയ്ഡില്‍ താരം നിര്‍ണായക പോയിന്റുകള്‍ സ്വന്തമാക്കി. എന്നാല്‍ ആദ്യ പകുതി പിരിയുമ്പോള്‍ ഇറാന് 17-18ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തി. അസ്ലം നടത്തിയ റെയ്ഡുകള്‍ ഇന്ത്യക്ക് തുണയായി. 20-20 എന്ന നിലയില്‍ ഇറാന് ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഇന്ത്യയുടെ ബ്രില്ല്യന്‍ഡ് ടാക്കിള്‍ ഇറാന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 3 ബോണസ് പോയിന്റുകള്‍ നേടി സ്കോര്‍ 29-24 ആക്കി ഉയര്‍ത്താന്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്ക് സാധിച്ചത് നിര്‍ണായകമായി. പിന്നീട് ലീഡ് നില 32-25 ആക്കി ഉയര്‍ത്താനും ഇന്ത്യക്ക് കഴിഞ്ഞു.












