എറണാകുളത്തും തിരുവന്തപുരത്തും സമാനമായ രീതിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
എറണാകുളം പെരുമ്പാവൂർ കീഴില്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു. തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയിൽ ചോർന്നതാണ് തീപടരാൻ കാരണം. ഫയർ ഫോഴ്സ് വന്ന് തീ അണച്ചു. നിസ്സാര പരിക്കുകളോടെ ബൈക്ക് യാത്രികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം, തിരുവന്തപുരത്തും സമാനമായ രീതിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. നഗരൂരിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചത്. സംഭവത്തിൽ പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വ്യാപാരികളാണ് രണ്ട് പ്രതികളും. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. രക്തപരിശോധന നടത്തിയതിൽ നിന്നും ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ വേഗത ശ്രദ്ധയിൽപ്പെട്ട പ്രദീപ്, തന്റെ ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കിയിരുന്നു. എന്നാൽ കാറിന്റെ നിയന്ത്രണം വിട്ടതിനെ തുടർന്ന് ബൈക്കിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
Content highlights – accident, ernakulam and thiruvananthapuram