സമരം മുന്‍കൂട്ടി തയ്യാറാക്കിയത്; വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി
വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സമരം എന്ന നിലയ്ക്കാണ് കാണാന്‍ കഴിയുകയെന്നും ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമായി പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്ന ബൃഹദ് പദ്ധതികളിലൊന്നാണ് വിഴിഞ്ഞം. പദ്ധതികള്‍ വരുമ്പോള്‍ സ്വാഭാവികമായ ആശങ്കകള്‍ ഉയര്‍ന്നുവരും.
അതിന് ആക്കം കൂട്ടാന്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം പാടില്ല. പദ്ധതികള്‍ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയില്‍ നില്ക്കട്ടെ എന്ന സമീപനം ജനവിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ സംസ്ഥാനം നേരിടുന്ന ഗൗരവതരമായ പ്രശ്നമെന്ന നിലക്ക് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. അവഗണിക്കാവുന്നതല്ല. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെലാണ് നടത്തിയിട്ടുള്ളത്. ഏത് ഘട്ടത്തിലും സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്.
പ്രദേശവാസികള്‍ക്ക് ഉണ്ടായിട്ടുള്ള ചില പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് പോകാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. അതിനെ തുരങ്കം വെയ്ക്കുന്ന സമീപനം ഭാവിതലമുറയോട് കാണിക്കുന്ന അനീതിയായി മാറും. വിഴിഞ്ഞം പോലൊരു പശ്ചാത്തല സൗകര്യ പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോള്‍ പുതിയ തൊഴിലവസരം സൃഷ്ടിക്കല്‍, സമ്പദ്ഘടനക്കുണ്ടാകുന്ന ഉത്തേജനം, ആകെ സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച എന്നിവയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.